തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെപ്പോലെ, എത്ര വ്യാഖ്യാനിച്ചാലും തീരാത്ത ചിന്തകളും ദർശനവും എത്ര എഴുതിയാലും തീരാത്ത വീക്ഷണങ്ങളുമുള്ള മറ്റൊരു ആചാര്യനും ലോകത്തില്ലെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച 'ശ്രീനാരായണഗുരു ദ മിസ്റ്റിക്കൽ ലൈഫ് ആന്റ് ടീച്ചിംഗ്സ്' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം..

ആത്മീയ ആശയത്തെ ഭൗതിക ശക്തിയാക്കി എങ്ങനെ മാറ്റാൻ കഴിയുമെന്ന് ശ്രീനാരാണ ഗുരുവാണ് ലോകത്തെ പഠിപ്പിച്ചത്. ഈ മഹിമ മറ്റേതൊരു നവോത്ഥാന നായകനും അവകാശപ്പെടാൻ കഴിയില്ല. 'സംഘടിച്ചു ശക്തരാവുക' എന്ന സന്ദേശം സാധാരണ ആചാര്യന്മാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതല്ല. മാർക്സിസം കേരളത്തിൽ വേരുപിടിക്കുന്നതിനു എത്രയോ മുമ്പു തന്നെ ഗുരു ഇങ്ങനെ പറഞ്ഞത് അത്ഭുതപ്പെടുത്തുന്നതാണ്. ഈ സന്ദേശത്തിന്റെ പിൻബലത്തിലാണ് ആദ്യമായി ആലപ്പുഴയിൽ കയർത്തൊഴിലാളികൾ സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആരംഭം കുറിച്ചതും ഗുരുവചനങ്ങൾ ഉൾക്കൊണ്ടു തന്നെയാണ്. ആത്മീയമായി ശ്രീനാരായണഗുരുവിനോളം ഔന്നത്യമുള്ള ഒരാളെ കണ്ടിട്ടില്ലെന്നാണ് ടാഗോർ പറഞ്ഞത്. സാഹിത്യരംഗത്തു മാത്രം ഗുരു ശ്രദ്ധ പതിപ്പിച്ചിരുന്നവെങ്കിൽ ലോകത്തെ മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാകുമായിരുന്നു- മന്ത്രി .ബാലൻ പറഞ്ഞു.

തന്റെ തപസ് അപരന് ഗുണമാക്കി മാറ്റിയ ആചാര്യനാണ് ശ്രീനാരായണഗുരുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. ശങ്കരാചാര്യർ തത്വമസിയെ കുറിച്ചു പറഞ്ഞു. ശ്രീനാരായണഗുരുവാണ് അത് നടപ്പിലാക്കി കാണിച്ചത്. ശ്രീനാരാണ ഗുരുവിനെ പോലെ ആത്മീയ പ്രവർത്തനങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് കാരണമാക്കിയവർ ലോക ചരിത്രത്തിൽ തന്നെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രന്ഥത്തിന്റെ ആദ്യ പ്രതി മന്ത്രി എ.കെ. ബാലനിൽ നിന്ന് ഒ.വി. ഉഷ സ്വീകരിച്ചു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ്, സ്വാമി സന്ദീപാനന്ദഗിരി, പുസ്തകത്തിന്റെ എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.