തിരുവനന്തപുരം: പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടു കാട്ടിയ പ്രതികൾ തെളിവു നശിപ്പിക്കാൻ ഇടയാക്കിയത് കമ്മിഷൻ ചെയർമാന്റെ അസാധാരണ വാർത്താസമ്മേളനമെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ തട്ടിപ്പിന്റെ രീതിയും തട്ടിപ്പിന് ഉപയോഗിച്ച ഫോണുകളുടെ നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിനും മുമ്പേ പി.എസ്.സി ചെയർമാൻ വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഫോണുകളും സ്മാർട്ട് വാച്ചും നശിപ്പിച്ചെന്നാണ് പ്രതികളുടെ മൊഴി.
ഇവയിൽ ഏതെങ്കിലുമൊന്ന് ലഭിച്ചാലേ എസ്.എം.എസ് സന്ദേശങ്ങളുടെ ഉള്ളടക്കം സൈബർ ഫോറൻസിക് പരിശോധനയിൽ വീണ്ടെടുക്കാനാവൂ. അയച്ചത് ഉത്തരങ്ങൾ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനായില്ലെങ്കിൽ കേസ് കോടതിയിൽ ദുർബലമാവും. കസ്റ്റഡിയിലായിരുന്ന പ്രണവിനെ തെളിവെടുപ്പിനായി മുണ്ടക്കയത്ത് കൊണ്ടുപോയെങ്കിലും സ്‌മാർട്ട് വാച്ച് കണ്ടെത്താനായില്ല. നസീമിന്റെയും തന്റെയും പക്കലുണ്ടായിരുന്ന വാച്ചുകൾ ഒളിവിൽ കഴിയവേ മുണ്ടക്കയത്തിനു സമീപം മണിമലയാറ്റിൽ ഉപേക്ഷിച്ചെന്നായിരുന്നു പ്രണവിന്റെ മൊഴി. അതേസമയം, പ്രതികൾക്ക് നുണപരിശോധന നടത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
കേസിൽ അഞ്ചു പ്രതികളും പിടിയിലായിട്ടും ഇവരുടെ മൊഴികൾ പരസ്പര വിരുദ്ധമായതിനാൽ ചോദ്യപേപ്പർ ചോർന്നതിനെക്കുറിച്ച് വ്യക്തമായ നിഗമനത്തിലെത്താൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല. ഇതിനിടെ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പ്രതികൾക്ക് വീണ്ടും മാതൃകാ പരീക്ഷ നടത്തണമെന്ന ആവശ്യവുമായി കോടതിയിൽ നൽകിയ അപേക്ഷ അന്വേഷണസംഘം പിൻവലിച്ചു. പരീക്ഷ നടത്തുന്നുവെന്ന വിവരം പുറത്തായതോടെ പ്രതികൾ ഇതിനായി തയ്യാറെടുത്തുവെന്നാണ് കരുതുന്നത്.അന്വേഷണ സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കിയ പി.പി. പ്രണവിനെയും സഫീറിനെയും ഒക്ടോബർ മൂന്നു വരെ റിമാന്റ് ചെയ്തു.