1

തിരുവനന്തപുരം: ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക,​ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ഓഫീസർമാരുടെ വിവിധ സംഘടനകൾ സംയുക്തമായി സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തി. ഈ മാസം 27, 28 തീയതികളിൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയാണ് എ.ഐ.ബി.ഒ.സി, എ.ഐ.ബി.ഒ.എ, ഐ.എൻ.ബി.ഒ.സി, എൻ.ഒ.ബി.ഒ എന്നീ സംഘടനകളുടെ ധർണ സംഘടിപ്പിച്ചത്.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ബാങ്കിംഗ് മേഖലയെ തകർക്കുമെന്നും കേരളാ ബാങ്ക് രൂപീകരിക്കുന്നതിനായി മാനദണ്ഡങ്ങൾ മറികടന്ന് സഹകരണ ബാങ്കുകളെ ലയിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.ബി.ഒ.സി സംസ്ഥാന പ്രസിഡന്റ് ജി.ആർ.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ബി.ഒ.എ സംസ്ഥാന സെക്രട്ടറി ഗോപിനാഥൻ, ഐ.എൻ.ബി.ഒ.സി സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാർ, നാഷണൻ ഓർഗനൈസേഷൻ ഒഫ് ബാങ്ക് ഓഫീസേഴ്‌സ് ജനറൽ സെക്രട്ടറി അരുൺ, എബ്രഹാം ഷാജി ജോൺ, പി.ബി. തോമസ്, ആർ.ഗിരീഷ് കുമാർ, പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.