തിരുവനന്തപുരം: സർക്കാർ ആഹാരം ഉടൻ കഴിക്കേണ്ടി വരുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയം പറയാതെ സെക്രട്ടറിമാർ എഴുതിക്കൊടുത്തത് വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രതിസന്ധി വരുമ്പോൾ പകച്ചുനിൽക്കുന്ന കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി. സി.എ.ജിയെ പാവയായി കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട ധനകാര്യമന്ത്രിയായി തോമസ് ഐസക് മാറി. സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന കാരണം ഐസക്കിന്റെ കെടുകാര്യസ്ഥതയാണ്. മുഖ്യമന്ത്രിയെ കാണുമ്പോൾ ധനകാര്യമന്ത്രിയുടെ കാൽമുട്ടുകൾ കൂട്ടിയിടിക്കുകയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കൈയേറ്റക്കാർക്കും ക്വാറി മാഫിയകൾക്കും വേണ്ടി ജനതാത്പര്യങ്ങൾ ബലി കഴിച്ച് സംസ്ഥാനത്തെ നശിപ്പിക്കുകയാണ് ഈ സർക്കാരെന്ന് തിരുവനന്തപുരം സൗത്ത് എൻ.ജി.ഒ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി പറഞ്ഞു. പി.എസ്.സിയിൽ ഇഷ്ടക്കാരെ നിയമിച്ച് വിശ്വാസ്യത തകർത്തു. കരിമണൽഖനനം സ്വകാര്യവ്യക്തിക്ക് തീറെഴുതിയും സർക്കാർഭൂമി ഇഷ്ടക്കാർക്ക് നൽകിയും പിണറായി വിജയൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു. പൊതുഭരണവകുപ്പ് നാഥനില്ലാത്ത അവസ്ഥയായി. നവകേരളം സൃഷ്ടിക്കാനായി പിരിച്ച തുകയെത്രയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. കിഫ്ബി അക്കൗണ്ട് ആഡിറ്റ് ചെയ്യാൻ വിസമ്മതിക്കുന്നത് ധിക്കാരമാണ്. ധനമാനേജ്മെന്റ് പൂർണമായും അട്ടിമറിക്കപ്പെട്ടു. ശാരീരിക അവശതകളുള്ള ജീവനക്കാരെ പോലും ദൂരസ്ഥലങ്ങളിലേക്ക് മാറ്റി ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സനൽരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, കെ.പി.സി.സി ജനറൽസെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, എൻ. രവികുമാർ, എൻ.കെ. ബെന്നി, വിപിൻചന്ദ്രൻ എന്നിവർ സംസാരിച്ചു.