തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയനിലേക്ക് 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് പുറമെ കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാർത്ഥികളും മത്സരിക്കും.ചട്ടപ്രകാരമല്ല പൂരിപ്പിച്ചതെന്നും പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി തള്ളിയ നാമനിർദ്ദേശ പത്രികകൾ പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം സ്വീകരിച്ചതിനെ തുടർന്നാണിത്. .
കെ.എസ്.യുവിന്റെ വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്കുള്ള പത്രികകളും എ.ഐ.എസ്.എഫിന്റെ ഫസ്റ്റ് ഇയർ പി.ജി റെപ്പ്, യു.യു.സി സ്ഥാനങ്ങളിലേക്കുള്ള പത്രികകളും എസ്.എഫ്.ഐ യുടെ യു.യു.സി സ്ഥാനത്തേയ്ക്കുള്ള ഒരു പത്രികയുമാണ് സ്വീകരിച്ചത്. എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർത്ഥി മൂന്നാം വർഷ മലയാളം വിദ്യാർത്ഥി ജോബിൻ ജോസ്, മാഗസിൻ എഡിറ്റർ സ്ഥാനാർത്ഥി മൂന്നാം വർഷ ഗണിത വിദ്യാർത്ഥി വിപിൻ എന്നിവർക്ക് എതിരില്ല.
തങ്ങളുടെ പത്രികകൾ തള്ളിയതിന് പിന്നിൽ ക്രമക്കേടാരോപിച്ച് കഴിഞ്ഞ ദിവസം കെ.എസ്.യു, എ.ഐ.എസ്.എഫ് ഭാരവാഹികൾ പ്രിൻസിപ്പലിനും സർവകലാശാല അധികൃതർക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ച് സാങ്കേതിക തർക്കങ്ങളുണ്ടായിരുന്ന പത്രികകൾ സ്വീകരിക്കാൻ തീരുമാനമായത്. എന്നാൽ തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു ഭാരവാഹികൾ അറിയിച്ചു. ഓഫീസ് സീൽ ഇല്ലെന്ന് കാരണത്താൽ നിരസിച്ച എ.ഐ.എസ്.എഫിന്റെ ഫസ്റ്റ് പി.ജി റെപ്പ് ട്രാൻസ് ജെൻഡർ വിദ്യാർത്ഥി നാദിറയുടെയും എസ്.എഫ്.ഐയുടെ യു.യു.സി സ്ഥാനാർത്ഥി വിനീഷിന്റെ പത്രികയും മത്സരിക്കുന്ന സ്ഥാനത്തിന് മുന്നിൽ 'ദി ' ചേർത്തില്ലെന്ന കാരണത്താൽ തള്ളിയ മറ്റ് നാല് പത്രികകളുമാണ് ഇന്നലെ സ്വീകരിച്ചത്. സാങ്കേതിക തർക്കങ്ങളുണ്ടായിരുന്ന പത്രികകൾ സ്വീകരിച്ചെന്നും മിക്ക സ്ഥാനങ്ങളിലേയ്ക്കും മത്സരം നടക്കുമെന്നും റിട്ടേണിംഗ് ഓഫീസർ രഘുനാഥൻ പിള്ള പറഞ്ഞു.