വർക്കല: പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് നിയമസഹായം ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനും പൊലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനുമായി എൻ.ആർ.എച്ച്.എം ഭൂമികാ സെന്ററുകളിൽ നിർഭയ ക്രൈസിസ് സെല്ലുകൾ ആരംഭിക്കാനുള്ള പദ്ധതി എങ്ങുമെത്തിയില്ല. സാമൂഹ്യ നീതിവകുപ്പിന് കീഴിൽ ജില്ലാ - താലൂക്ക് ആശുപത്രികളിൽ പദ്ധതി നടപ്പാക്കണമെന്നാണ് ഉത്തരവെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും നടപ്പായില്ല. ചില ആശുപത്രികളിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്.
ലൈംഗികചൂഷണത്തിനും പീഡനത്തിനും ഇരയായവർക്ക് വൈദ്യസഹായവും നിയമ സഹായവും അടിയന്തരമായി ലഭ്യമാക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'വൺ സ്റ്റോപ്പ് ക്രൈസിസ് സെൽ'. ഇതും താലൂക്കിൽ ലക്ഷ്യം കണ്ടില്ല. സർക്കാർ ആശുപത്രികളിലെ ഭൂമികാ സെന്ററുകളിൽ ഇതിന്റെ പ്രവർത്തനം സജ്ജീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ബന്ധപ്പെട്ട അധികൃതരുടെ മേൽനോട്ടക്കുറവും ഏകോപനം ഇല്ലായ്മയും മൂലം പദ്ധതി നിലച്ചു.
നിർഭയ ക്രൈസിസ് സെല്ലുകളുടെയും ഭൂമിക സെന്ററുകളുടെയും പ്രവർത്തനം താലൂക്കിലെ സർക്കാർ ആശുപത്രികളിൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.