കല്ലമ്പലം: പള്ളിക്കൽ സർക്കാർ ആശുപത്രി പടിക്കൽ കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ പ്രവർത്തനം സ്തംഭിച്ചുവെന്നും, ആശുപത്രി വികസനത്തിനനുവദിച്ച തുക ലാപ്സാക്കി അഴിമതി നടത്തിയെന്നാരോപിച്ചും, ആശുപത്രി പ്രവർത്തനം സുഗമമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ. ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഡോക്ടർമാർ നടത്തുന്ന സമരം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ ഉപവാസമുൾപ്പെടെയുള്ള സമര പരിപാടികളിലേക്ക് പോകാൻ ധർണയിൽ തീരുമാനമായി. മണ്ഡലം പ്രസിഡന്റ് എസ്. നിസാം അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ. റിഹാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.ഷാലി, ഇ.റിഹാസ്, ഡി.സി.സി അംഗങ്ങളായ ഗോപാലക്കുറുപ്പ്, ആറ്റിങ്ങൽ സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം. താഹ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അസ്ബർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസാ നിസാം, മിനി, ഷിബിലി, എ. അജാസ് എന്നിവർ പ്രസംഗിച്ചു.