koovakkudi

വെള്ളനാട്: ഇത് വെള്ളനാട് കൂവക്കുടിയിലെ പഴയ പാലം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലം ഇപ്പോൾ കാട് കയറി നശിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കൂവക്കുടിയിൽ പുതിയ പാലം വന്നതോടെയാണ് പഴയപാലത്തിന്റെ ദുർഗതി തുടങ്ങിയത്.

1905 ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് കൂവക്കുടിയിൽ കരമനയാറിന് കുറുകെ പാലം പണിതത്. കരിങ്കല്ലും പ്രത്യേക മിശ്രിതവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഈ പാലത്തിലിപ്പോൾ വിവിധ വൃക്ഷങ്ങൾ വളർന്ന് നിൽക്കുകയാണ്. കാലപ്പഴക്കത്തെ തുടർന്ന് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം പണിതതോടെ പഴയ പാലത്തെ യാത്രക്കാർ ഉപേക്ഷിച്ചു. എന്നാൽ യാത്രയ്ക്ക് നിയന്ത്രണവുമില്ല.

നെടുമങ്ങാട്-വെള്ളനാട് റോഡിൽ പ്രകൃതിരമണീയമായ സ്ഥലമാണ് കൂവക്കുടി. വിജനമായ ഈ പ്രദേശത്ത് വർഷങ്ങളായി അപകടത്തുരുത്തായിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ആത്മഹത്യയ്ക്ക് എത്തിയിരുന്നതും വിജനമായ ഈ പാലത്തിലാണ്. ഇത് ഒഴിവാക്കാനായി പഴയ പാലത്തിൽ ഇരുവശങ്ങളിലുമായി ഉയരത്തിൽ ഇരുമ്പഴികൾ സ്ഥാപിച്ചു. ഇതോടെ ഈ പ്രദേശത്തിന്റെ ആത്മഹത്യ മുനമ്പെന്ന ദുഷ്പ്പേരും മാറിക്കിട്ടി.

ഒരു ബസിന് കടന്നുപോകാവുന്ന വീതി മാത്രമാണ് പഴയ പാലത്തിനുള്ളത്.