തിരുവനന്തപുരം: പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പണിമുടക്കി പ്രതിഷേധിച്ചു. കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കൂട്ട അവധിയെടുത്തു. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴിവാക്കിയായിരുന്നു പ്രതിഷേധം. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. ഡി.ശ്രീകാന്തും സെക്രട്ടറി ഡോ. വി.സുനിൽ കുമാറും അറിയിച്ചു. അതേസമയം ഐം.എം.എ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരണമാണ് നടത്തിയത്. സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടകൾ ഒ.പി ബഹിഷ്കരണം നടത്തി. നാളെ കോഴിക്കോട്ട് ചേരുന്ന നേതൃയോഗത്തിന് ശേഷം തുടർ സമരപരിപാടികൾ തീരുമാനിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും സെക്രട്ടറി ഡോ.സുൾഫി നൂഹുവും അറിയിച്ചു.