തിരുവനന്തപുരം: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. ഏഴ് മാസമായി മുടങ്ങിയ ശമ്പളം നൽകുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, പിരിച്ചുവിടൽ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബുധനാഴ്ച മുതൽ പണിമുടക്ക് ആരംഭിച്ചത്. നിരവധി തവണ സൂചനാപണിമുടക്കുകൾ നടത്തിയെങ്കിലും ശമ്പളം നൽകാനോ പിരിച്ചുവിടൽ നടപടികൾ പിൻവലിക്കാനോ മാനേജ്മെന്റ് തയ്യാറായില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ജില്ലയിൽ പണിമുടക്കിയ തൊഴിലാളികൾ മണക്കാട് സിവിൽവിംഗ് ഓഫീസ് പരിസരത്ത് ഇന്നലെ പ്രകടനം നടത്തി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സിവിൽവിംഗ് ജില്ലാ സെക്രട്ടറി അജിത് ശങ്കർ ഉദ്ഘാടനം ചെയ്തു. സി.സി.എൽ.യു മണക്കാട് ഏരിയാ പ്രസിഡന്റ് പ്രസേനൻ അദ്ധ്യക്ഷനായി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം കെ.സി.കൃഷ്ണകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സനൽകുമാർ, സി.സി.എൽ.യു സംസ്ഥാന നേതാക്കളായ ബി.ബാബു, സുരേഷ് പാച്ചല്ലൂർ, യു.സരിത, വി.പി.ശ്രീജു എന്നിവർ സംസാരിച്ചു. സി.സി.എൽ.യു സിവിൽവിംഗ് ജില്ലാ സെക്രട്ടറി ഷിബുമോൻ സ്വാഗതവും മണക്കാട് ഏരിയാ സെക്രട്ടറി മുരുകേശൻ നന്ദിയും പറഞ്ഞു.