കോവളം: തീരദേശമേഖലകളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം വ്യാപകം. കോവളം, വിഴിഞ്ഞം, മുക്കോല, വെങ്ങാനൂർ, ഉച്ചക്കട, പയറ്റുവിള, ചൊവ്വര, മുല്ലൂർ എന്നീ മേഖലകളിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നത്. പ്രദേശത്ത് പതിനായിരത്തിൽപ്പരം ഇതര സംസ്ഥാനത്തൊഴിലാളികളാണ് താമസിക്കുന്നത്. കേരളത്തിൽ നിരോധിക്കപ്പെട്ട പാൻപരാഗ്, ഹാൻസ് ഉൾപ്പെടെയുള്ളവ തടസ്സം കൂടാതെ ക്യാമ്പുകളിൽ എത്തിച്ച് ലാഭം കൊയ്യുന്ന സംഘങ്ങൾ അടുത്ത കാലത്തായി കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്ന് കടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പയറ്റുവിളയിലെ ക്യാമ്പിൽ താമസിക്കുന്ന പല തൊഴിലാളികൾക്കും ജാർഖണ്ഡിൽ സ്വന്തമായി കഞ്ചാവ് തോട്ടമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരേ സമയം ഇരുപത് കിലോ വരെ കൊണ്ടുവരുന്ന സംഘങ്ങൾ താമസസ്ഥലമായ പയറ്റുവിളയിൽ വച്ച് ചെറിയ പൊതികളാക്കി ക്യാമ്പുകളിൽ എത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് നാട്ടുകാരായ യുവാക്കളും വ്യാപകമായി കഞ്ചാവ് കൈപ്പറ്റുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, വെങ്ങാനൂർ മേഖലകളിൽ ഒരാഴ്ച മുൻപും നാട്ടുകാരായ ലഹരി മാഫിയകൾ തമ്മിൽ തല്ലിയതും പൊലീസിന് തലവേദനയായിരിക്കുകയാണ്. കഴിഞ്ഞദിവസം വിഴിഞ്ഞം വിജയബാങ്കിന് സമീപം കച്ചവടം നടത്തുന്ന നൂർജഹാന്റെ വീട്ടിലെ വാഷ്‌ബെയിസിന്റെ ടെയിലിനിടയിൽ ഒളിപ്പിച്ച് വില്പന നടത്താൻ ശ്രമിച്ച ഒരുകിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളുമായി കടയുടമയെയും മക്കളെയും പൊലീസ് പിടികൂടിയിരുന്നു.