തിരുവനന്തപുരം: കവിതയുടെ സ്വർണപ്പാടം നീണ്ടുകിടക്കുമ്പോൾ ഇടയ്‌ക്കുവച്ച് കൊയ്ത്തു നിറുത്തിപ്പോയ കവിയാണ് കിളിമാനൂർ മധുവെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശേരി ഫൗണ്ടേഷൻ ഹാളിൽ കിളിമാനൂർ മധു അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൃത്രിമത്വമില്ലാതെ അനുഭൂതിയുടെ തരംഗങ്ങൾ പ്രസരിക്കുന്ന കവിതകളുടെ സ്രഷ്‌ടാവായിരുന്നു മധുവെന്നും പെരുമ്പടവം അനുസ്മരിച്ചു.കവിയും പത്രപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച കവിക്കൊപ്പം ഉത്തരവാദിത്വ ബോധമുള്ള നല്ലൊരു അച്ഛനായിരുന്നു കിളിമാനൂർ മധുവെന്നും, അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിറുത്താൻ സ്മാരകമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. ഭാസുരചന്ദ്രൻ, ശാന്തൻ, പേട്ട വിജയൻ, കെ.എൻ. ഷാജികുമാർ എന്നിവരും പങ്കെടുത്തു.