balaramapuram

ബാലരാമപുരം: സഹോദരങ്ങളെയോ ബന്ധുക്കളെയോ കാണിക്കാൻ സമ്മതിക്കാതെ മകൻ വീട്ടുതടങ്കലിലാക്കിയ വൃദ്ധമാതാവിനെ പൊലീസെത്തി മോചിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ശാന്തിപുരം പേരകത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ലളിത​യെ (73) മകൻ ജയകുമാർ വീട്ടുതടങ്കലിൽ ആക്കിയതായി പരാതിയുയർന്നതിനെ തുടർന്നാണ് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തിയത്. ലളിതയുടെ മറ്റ് മക്കളുടെ പരാതിയെത്തുടർന്ന് ജയകുമാറിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.സംഭവം ഇങ്ങനെ: വ്യാഴാഴ്ച വൈകിട്ടാണ് സുഖമില്ലാതെ ശാന്തിപുരത്തെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ലളിതയെ കാണാൻ ബന്ധു വിളിച്ച് പറഞ്ഞതിനെ തുടർന്ന് മൂത്തമകൻ ബാബുവും മകളും എത്തിയത്. എന്നാൽ വീട്ടിൽ കയറാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടി ജയകുമാർ ഇവരെ പുറത്ത് നിറുത്തി. പ്രശ്നം രൂക്ഷമായതോടെ മറ്റ് മക്കളായ ജയയും തങ്കച്ചിയുമെത്തി. നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും വീട്ടിൽ കയറാൻ ജയകുമാർ അനുവദിച്ചില്ല. വാർഡ് മെമ്പർ ഐ.കെ. സുപ്രിയയും ബാലരാമപുരം എസ്.ഐയും സംഘവും എത്തി മറ്റ് മക്കളെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വീട്ടിൽ കയറ്റാൻ ജയകുമാർ കൂട്ടാക്കിയില്ല.

ഇതിനിടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശനിയാഴ്ച പൊലീസ് സാന്നിദ്ധ്യത്തിൽ ചർച്ചയ്ക്ക് വിളിക്കാമെന്നും ഇപ്പോൾ പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും അമ്മയെ കണ്ടിട്ടേ പോവുകയുള്ളൂ എന്നുപറഞ്ഞ് മക്കളായ ജയയും ബാബുവും തങ്കച്ചിയും ഗേറ്റിന് പുറത്ത് നിലയുറപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി,​ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രൻ,​ മെമ്പർ തങ്കരാജൻ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു,​ പാറക്കുഴി വാർഡ് മെമ്പർ ജയകുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പ്രശ്നം സങ്കീർണമായതോടെ എസ്.പിയുടെ നിർദ്ദേശ പ്രകാരം ബാലരാമപുരം സി.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മതിൽ ചാടി അകത്ത് കടക്കുകയായിരുന്നു. വാതിൽ ചവിട്ടി തുറന്ന് കിടക്കയിൽ അവശനിലയിലായ ലളിതയെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി. ദാഹജലം നൽകിയപ്പോൾ പരവേശത്തോടെ അവർ അത് കുടിക്കുകയും ചെയ്തു. തിരുവനന്തപുരം കോസ്മോ ആശുപത്രിയിലേക്ക് മാറ്റിയ ലളിത ഐ.സി.യുവിൽ ചികിത്സയിലാണ്. ദേഹത്ത് വ്രണങ്ങൾ രൂപപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു.

പെറ്റവയറിനോട് മകന്റെ ക്രൂരത

ആറ് മാസം മുമ്പാണ് ലളിതയുടെ ഭർത്താവ് ശിവാനന്ദൻ മരിച്ചത്. തുടർന്ന് അമ്മയെ പരിചരിക്കുന്നതിനായി ജയകുമാറും ഭാര്യയും കുടുംബവീട്ടിലേക്ക് താമസം മാറുകയായിരുന്നു. മാതാവിന്റെ പേരിലുള്ള 15 ലക്ഷം രൂപ കൈക്കലാക്കാൻ ജയകുമാർ ശ്രമം നടത്തുന്നെന്ന് കാണിച്ച് കോടതിയിൽ മറ്റ് മക്കൾ കേസും നൽകിയിട്ടുണ്ട്. ലളിതയുടെ വീടും സ്ഥലവും ജയകുമാർ എഴുതിവാങ്ങിയെന്നും ആരോപണമുണ്ട്. കോടതിയിൽ കേസ് നടന്ന് വരവെയാണ് ജയകുമാർ മാതാവിനെ വീട്ടുതടങ്കലിൽ ആക്കിയത്. അമ്മയെ കാണാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ബാലരാമപുരം പൊലീസിൽ മറ്റ് മക്കൾ നേരത്തേ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച ദിവസങ്ങളിൽ സി.ഐ യുടെ നിർദ്ദേശപ്രകാരം പെൺമക്കൾക്ക് അമ്മയെ കാണാൻ അനുവദിച്ചിരുന്നു.