പാറശാല: എൽ.ഡി.എഫ് ഭരണം നടത്തിവരുന്ന ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ പഞ്ചായത്തിലെ കോൺഗ്രസിന്റെ അംഗങ്ങളായ 10 പേർ ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പാറശാല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ നൽകിയ അവിശ്വാസ പ്രമേയം അടുത്ത ആഴ്ച ചർച്ചയ്ക്ക് എടുക്കാനാണ് സാദ്ധ്യത. ചെങ്കൽ ഗ്രാമ പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ 13 കാരണങ്ങൾ ഉൾപ്പെടുത്തിയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. മര്യാപുരം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സാംരാജ് 255 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്നാണ് കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി മാറിയത്. 21 അംഗങ്ങളുള്ള ചെങ്കൽ ഗ്രാമ പഞ്ചായത്തിൽ ഇപ്പോൾ കോൺഗ്രസിന് 10, എൽ.ഡി.എഫിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 9, ബി.ജെ.പിക്ക് 2 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി അംഗങ്ങളുടെ നിലപാട് അനുസരിച്ച് ആയിരിക്കും അവിശ്വാസ പ്രമേയം ചർച്ചയരക്ക് എടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. ബി.ജെ.പി.യും ഭരണമാറ്റത്തെ അനുകൂലിക്കുന്ന പക്ഷം പുറമേനിന്ന് പിന്തുണയ്ക്കാനാണ് സാദ്ധ്യത. എന്നാൽ പ്രസിഡന്റിനെതിരെ അച്ചടക്കലംഘനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള സി.പി.എമ്മിന് ചെങ്കൽ പഞ്ചായത്തിലെ ഭരണം നിലനിറുത്തണോ വേണ്ടയോ എന്നത് ഒരു പുലിവാലായി മാറിയിട്ടുണ്ട്.