തിരുവനന്തപുരം: ട്രാൻസ്ഗ്രീഡ് പദ്ധതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ കെ.എസ്.ഇ.ബി തള്ളി. ആക്ഷേപങ്ങൾ ഉയർന്നതിന്റെ പേരിലല്ല പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുന്നതെന്ന് വൈദ്യുതി ബോ‌ർഡ് പത്രക്കുറിപ്പിൽ വിശദീകരിച്ചു. പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആക്ഷേപങ്ങളെ തുടർന്ന് പദ്ധതിയുടെ ആദ്യഘട്ടം 4500 കോടിയുടേതാക്കി എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

നിലവിലെ വൈദ്യുതി കോറിഡോർ ഉപയോഗപ്പെടുത്തി പ്രസരണ ലൈനുകൾ നിർമ്മിക്കുമ്പോൾ വൈദ്യുതിതടസ്സം ഒഴിവാക്കാനാണ് പദ്ധതി രണ്ടു ഘട്ടമാക്കിയത്. ഇതിനൊപ്പം പ്രസരണ ശേഷിയിൽ ഒരോ കാലത്ത് ആവശ്യമായ വർദ്ധനവും കണക്കിലെടുത്തു. കോലത്തുനാട്, കോട്ടയം ലൈൻപാക്കേജുകൾ. ഉയർന്ന നിരക്കിലാണ് കരാർ നൽകിയതെന്ന വാദം ശരിയല്ല. എന്നാൽ പ്രസരണ ലൈൻ നിർമ്മാണത്തിലെ തടസ്സങ്ങൾ ഉൾപ്പെടെ പല കാരണംകൊണ്ട് കരാറുകൾ എസ്റ്റിമേറ്റ് തുകയേക്കാൾ ഉയർന്ന നിരക്കിൽ നൽകേണ്ടിവരുന്നത് സ്വാഭാവികമാണെന്നും ബോർഡ് വിശദീകരിച്ചു.