തിരുവനന്തപുരം: ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിനുള്ള സാധനങ്ങളുമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തിരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനെ പൊലീസ് തടഞ്ഞുനിറുത്തി തലയിൽ ടോർച്ചുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി. കൊല്ലം, മങ്ങാട് സ്വദേശിയും സെക്രട്ടേറിയറ്റിലെ കായിക യുവജനകാര്യ വകുപ്പ് ജീവനക്കാരനുമായ അജിജോസിനാണ് പരിക്കേറ്റത്. 12 ന് രാത്രിയായിരുന്നു സംഭവം.
ആട്ടോറിക്ഷ കൈകാണിച്ചു നിറുത്തിയ കിളികൊല്ലൂർ പൊലീസ് ഉദ്യോഗസ്ഥരാണ് അജിജോസിന്റെ തലയുടെ പിൻഭാഗത്ത് ടോർച്ചുകൊണ്ടടിച്ചത്. പൊലീസ് കൈകാണിച്ചപ്പോൾ മദ്യപിച്ചിരുന്ന ആട്ടോ ഡ്രൈവർ വാഹനം നിറുത്തിയ ശേഷം ഇറങ്ങി ഓടി. ഡ്രൈവറെ കിട്ടാത്തതിനെ തുടർന്ന് കലിപൂണ്ട പൊലീസുകാർ യാത്രക്കാരനായ അജിജോസിനെ മർദ്ദിക്കുകയായിരുന്നു. അതുകഴിഞ്ഞ് ജീപ്പിൽ സ്റ്റേഷനിലെത്തിച്ചു.
പിന്നീട് നാട്ടുകാർ ഇടപെട്ടതിന് ശേഷമാണ് അജിജോസിനെ ആശുപത്രിയിലെത്തിച്ചതത്രെ. തന്റെ തലയിൽ അഞ്ചു തുന്നലുകൾ ഇടേണ്ടിവന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അജിജോസ് പറഞ്ഞു.