തിരുവനന്തപുരം: വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന മനോനില തെറ്റിയ തൊണ്ണൂറുകാരിയെ പിങ്ക് പൊലീസ് ഇടപെട്ട് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മേനംകുളം ചിറ്റാറ്റുമുക്ക് മഞ്ഞക്കാട്ടുവിളാകം വീട്ടിൽ സൗദ ബീവിയെയാണ് ഇന്നലെ രാവിലെയോടെ പിങ്ക് പൊലീസ് വനിതാ സബ് ഇൻസ്‌പെക്ടർ ഷമി ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിച്ചത്. ഇവർ നാട്ടുകാരെ ഉപദ്രവിക്കുകയും വിസർജ്യങ്ങൾ ഭക്ഷണത്തിൽ കലർത്തി എറിയുകയും ചെയ്യുന്നതായി നാട്ടുകാർ പരാതിപ്പെട്ടതനുസരിച്ചാണ് പിങ്ക് പൊലീസ് സംഘം എത്തിയത്. സംഘം എത്തുമ്പോൾ വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൗദ ബീവിയെ കണ്ടത്. തുടർന്ന് ഇവർ സൗദയുടെ ശരീരം വൃത്തിയാക്കി സഹോദരങ്ങളെ വിളിച്ചുവരുത്തി അവരുടെ സമ്മതം വാങ്ങിയ ശേഷം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിവിൽ പൊലീസുദ്യോഗസ്ഥരായ ശശികല, അശ്വതി, രജനി എന്നിവരും പിങ്ക് പൊലീസ് സംഘത്തിലുണ്ടായിരുന്നു.