തിരുവനന്തപുരം: നടൻ മധുവിന്റെ 86-ാം ജന്മദിനമായ 23ന് 'മധു മധുരം തിരുമധുരം' എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം അദ്ദേഹത്തെ ആദരിക്കും. പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി ഹാളിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ ചലച്ചിത്രരംഗത്തെ വിവിധ മേഖലകളിൽ 56 വർഷത്തെ മധുവിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു വെബ്‌സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ നടക്കും.അപൂർവ ചിത്രങ്ങൾ ഉൾപ്പെടെ 450ലധികം ചിത്രങ്ങൾ,140 ഓളം ഗാനങ്ങൾ, മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, മോഹൻലാൽ, മമ്മൂട്ടി, എം.ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് ഉൾപ്പെടെ പ്രശസ്ത വ്യക്തികൾ മധുവിനെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ തുടങ്ങി സമഗ്രമാകും വെബ്സൈറ്റ്. മധുവിന്റെ മരുമകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ കൃഷ്ണകുമാറാണ് വെബ്സൈറ്റ് തയ്യാറാക്കിയത്.