തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പ്രത്യക്ഷ സമരവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യമുയർത്തിയാണ് ഇന്നലെ വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പരിഷത്തിന്റെ തിരുവനന്തപുരം മേഖലാകമ്മിറ്റി പ്രതിഷേധ മാർച്ചുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
ആർക്കിടെക്ട് ജി. ശങ്കർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി നിയമങ്ങൾ സ്വാധീനത്തിന്റെ ബലത്തിൽ കാറ്റിൽപ്പറത്തി നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാതെ പരിസ്ഥിതി സൗഹൃദ നവകേരളം സാദ്ധ്യമല്ലെന്ന് ജി. ശങ്കർ പറഞ്ഞു.
തീരദേശനിയമം അനുസരിച്ച് നിർമാണം നടത്താൻ അനുമതിയില്ലാത്ത അതിപ്രധാന പാരിസ്ഥിതിക മേഖലയിൽ പണിത മരട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന് പരിഷത്ത് നിർവാഹകസമിതി അംഗം ബി. രമേഷ് ആവശ്യപ്പെട്ടു. റാംസർ തണ്ണീർത്തടം കൂടിയായ വേമ്പനാടു കായലിനെയും കായലോരത്തെയും സംരക്ഷിക്കുന്നതിനും അനധികൃത കൈയേറ്റങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്നുമുള്ള സുപ്രീംകോടതി വിധി നല്ല തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്. ജയകുമാർ, പരിസ്ഥിതി കൺവീനർ പട്ടം പ്രസാദ് , മേഖലാ സെക്രട്ടറി ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.