05

പോത്തൻകോട് : വ്രതശുദ്ധിയുടെ നിറവിൽ ശാന്തിഗിരിയിൽ നടന്ന പൂർണകുംഭമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ പങ്കെടുത്തു. ദിവസങ്ങൾ നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവിൽ ഭക്തർ കുംഭങ്ങൾ ശിരസിലേന്തി ആശ്രമ സമുച്ചയം വലംവച്ച് ഗുരുപാദങ്ങളിൽ സമർപ്പിച്ചു. പ്രാർത്ഥന ആലാപനങ്ങൾ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി. വൈകിട്ട് 6ന് ആരംഭിച്ച കുംഭമേള ഘോഷയാത്ര ഏഴരയോടെ സമാപിച്ചു. കുംഭമേളയോടനുബന്ധിച്ച് ഇന്നലെ രാവിലെ 5ന് പർണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി, 6ന് ധ്വജം ഉയർത്തൽ, ഏഴിന് പർണശാലയിൽ പുഷ്പാഞ്ജലി, ഉച്ചക്ക് 12ന് ആരാധനയ്ക്ക് ശേഷം ഗുരുപൂജ, ഗുരുദർശനം, വിവിധ സമർപ്പണങ്ങൾ എന്നിവ നടന്നു. ചടങ്ങുകൾക്ക് സ്വാമി ചൈതന്യജ്ഞാന തപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി തുടങ്ങിയവർ നേതൃത്വം നൽകി.