തിരുവനന്തപുരം: 68കാരന്റെ നട്ടെല്ലിലെ കശേരുകൾക്കിടയിൽ അപകടകരമായ രീതിയിൽ ബാധിച്ച ട്യൂമർ എസ്.പി ഫോർട്ട് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കശേരുക്കൾക്കിടയിലായിരുന്ന ട്യൂമർ അയോട്ടയ്ക്കും ശ്വാസകോശത്തിനും അടുത്ത് സ്ഥിതി ചെയ്തിരുന്നതിനാൽ സുഷുമ്‌ന നാഡിയെ ഞെരുക്കുന്ന തരത്തിലായിരുന്നു. ശസ്ത്രക്രിയ പിഴച്ചാൽ കാലുകളുടെ ചലനശേഷി നഷ്ടമാകുന്നതിന് വലിയ സാദ്ധ്യതയാണുണ്ടായിരുന്നത്. ട്യൂമർ നീക്കിയ ശേഷം കശേരുക്കളെ ടൈറ്റാനിയം അലോയ് ഉപയോഗിച്ച് പുനർനിർമ്മിച്ചതായും ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിലെ ചീഫ് സ്പൈൻ സർജൻ ഡോ.അശോക് തോമസ്, സീനിയർ ജനറൽ ആൻഡ് വാസ്കുലാർ സർജൻ ഡോ.പി.പി.നായർ, അനസ്‌തേഷ്യ വിദഗ്ദ്ധൻ ഡോ.സജീഷ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.