കഴക്കൂട്ടം: നാളെ നടത്താനിരുന്ന അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോടതി വിധിയെ തുടർന്ന് 29 ലേക്ക് മാറ്റി. ഏഴ് ദിവസത്തിനകം തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തിയാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് വിധി. ഹോളോംഗ്രാം പതിച്ച പഴയ കാർഡുള്ളവർക്കും വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസിലെ മുൻ പ്രസിഡന്റ് അഡ്വ. എം. മുനീർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ പഴയ കാർഡ് അനുവദിക്കണമെന്ന മുനീറിന്റെ ആവശ്യം കോടതി തള്ളി. മുമ്പുണ്ടായിരുന്ന ഹോളോഗ്രാം പതിച്ച കാർഡു റദ്ദാക്കി പുതിയ കാർഡ് വിതരണം ചെയ്തതും, അഡ്മിനിസ്ട്രേറ്റീവ് സമിതി സെക്രട്ടറിയെ സസ്‌പെൻഡു ചെയ്തതും ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. എൽ.ഡി.എഫ് - യു.ഡി.എഫ് സമിതികൾ മാറി മാറി ഭരിച്ച ബാങ്കിൽ ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതൃത്വം കൊടുത്ത ഭരണ സമിതിക്കായിരുന്നു ചുമതല. തുടർന്ന് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതിയെ നിയോഗിക്കുകയായിരുന്നു.