kt-jaleel

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തി ജയിപ്പിച്ചതായി ആക്ഷേപം. വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ഇടപെട്ടാണ് ഇയാളെ ചട്ടവിരുദ്ധ നടപടികളിലൂടെ ജയിപ്പിച്ചതെന്ന് ഇതിനിടെ ആരോപണമുയർന്നു. കൊല്ലത്തെ ഒരു എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിക്ക് ജയിക്കാൻ 45 മാർക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡെെനാമിക്ക് പേപ്പറിന് 29 മാർക്കേ ലഭിച്ചിരുന്നുള്ളൂ . ഇയാൾ പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാർക്കേ കിട്ടിയുള്ളൂ. തുടർന്നാണ് കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവമുള്ള കുടുംബത്തിൽ നിന്നുള്ള ഇയാളെ ജയിപ്പിക്കാൻ അധികൃതർ ശ്രമം തുടങ്ങിയത്. വിദ്യാർത്ഥി സമർത്ഥനാണെന്നും മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും അതിനാൽ ഒരിക്കൽ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വെെസ് ചാൻസലർ ആയ അന്നത്തെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കത്തെഴുതി. ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിച്ചു.

തുടർന്നാണ് കാലവിളംബം ഉളള ഫയലുകൾ തീർപ്പാക്കാൻ സർവകലാശാല സംഘടിപ്പിച്ച ഫയൽ അദാലത്തിൽ മന്ത്രിയുടെ നിർദേശാനുസരണം തോറ്റ വിദ്യാർത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചത്. ഈ അദാലത്തിൽവച്ച് രണ്ടംഗ കമ്മിറ്റി രൂപീകരിച്ച് ഒരിക്കൽ കൂടി പുനപരിശോധന നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥിക്ക് മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ ആദ്യ മൂല്യ നിർണയം നടത്തിയവർക്കെതിരെ നടപടി കെെകൊളളാനും നിർദേശമുണ്ടായി. കമ്മിറ്രിയാകട്ടെ ഇയാൾക്ക് 48 മാർക്കും നൽകി. മൂല്യ നിർണയത്തിനോ പുനർമൂല്യ നിർണയത്തിനോ കമ്മിറ്റിയെ നിയോഗിക്കാൻ ചട്ടമില്ല. ചട്ട പ്രകാരം കാലവിളംബം വരുന്ന ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ മാത്രമാണ് അദാലത്ത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നത്.

പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാല ആക്ട് അനുസരിച്ച് ചാൻസലറുടെ അഭാവത്തിൽ മാത്രമേ സർവകലാശാല ഭരണത്തിൽ ഇടപെടാൻ അധികാരമുള്ളൂ .ഇതോടെ തങ്ങളുടെ പേപ്പറുകളും വീണ്ടും പുനർമൂല്യ നിർണയം നടത്തണമെന്ന അപേക്ഷയുമായി വീണ്ടും പരീക്ഷ എഴുതാനിരുന്ന ,പുനർമൂല്യ നിർണയത്തിൽ തോറ്റ വിദ്യാർത്ഥികൾ രംഗത്തുവന്നു. യൂണിവേഴ്സിറ്റി ആക്ടിനും സ്റ്റാറ്റ്യൂട്ടിനും അനുസൃതമായി ഭരണം നടത്താനുള്ള ചുമതല വി.സിയിൽ മാത്രം നിക്ഷിപ്തമാണ്. വി.സിക്ക് നിർദേശം നൽകാൻപോലും മന്ത്രിക്ക് അധികാരമില്ല .മന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാരുൾപ്പെടെയുള്ളവരും അദാലത്തിൽ പങ്കെടുത്തതും മിനിട്സിൽ ഒപ്പുവച്ചതും ചട്ട വിരുദ്ധമായാണ്.

ഈ കീഴ്‌‌വഴക്കം മറ്റു സർവകലാശാലകളിൽ ആവർത്തിക്കപ്പെട്ടാൽ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും അട്ടിമറിക്കപ്പെടുമെന്നും ആശങ്കയുയർന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടവിരുദ്ധ നടപടികളെക്കുറിച്ച് ചാൻസലറായ ഗവർണർ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും,നിയമ വിരുദ്ധമായ അദാലത്ത് തീരുമാനങ്ങൾ റദ്ദാക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും കൺവീനർ എം.ഷാജർഖാനും ഗവർണർക്ക് നിവേദനം നൽകി.