കല്ലമ്പലം: നാവായിക്കുളത്ത് സ്കൂളുകൾക്ക് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ചന്ത നിറുത്തലാക്കാൻ തീരുമാനമായി. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പിയാണ് ഇക്കാര്യം അറിയിച്ചത്. ചന്ത നടന്നിരുന്ന സ്ഥലത്ത് നോട്ടീസ് പതിച്ചു. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയും, മത്സ്യ മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കുന്നത് ദുർഗന്ധത്തിനു കാരണമാകുകയും, തെരുവ് നായ്ക്കൾ വർദ്ധിക്കുകയും സ്കൂളിലെ പഠനാന്തരീക്ഷത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തതോടെ നാട്ടുകാർ ചന്ത നിറുത്തലാക്കണമെന്നാവശ്യത്തിൽ ഉറച്ചു നിന്നെങ്കിലും മത്സ്യ വ്യാപാരികളും മറ്റും ഇതിനു തയ്യാറല്ലായിരുന്നു. ഇവരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് കഴിഞ്ഞ മാസം 22 ന് കേരളകൗമുദി "വിദ്യാർത്ഥികൾക്ക് പൊല്ലാപ്പായി ചന്ത" എന്ന തലക്കെട്ടിൽ വാർത്ത നൽകിയത്. വാർത്ത വന്ന നാൾ മുതൽ സംഭവങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.