കൊല്ലം: തിരുവനന്തപുരം പള്ളിക്കലിൽ സർക്കാർ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസിലെ പ്രതികളുടെ വീട്ടിൽ അർദ്ധരാത്രി പൊലീസ് അതിക്രമം. ഒളിവിൽപോയ പ്രതിയെ പിടികൂടാനെന്ന രീതിയിൽ പൊലീസ് അതിക്രമം തുടർന്നത് മൂന്ന് ദിവസം. ചൊവ്വാഴ്ച അർദ്ധരാത്രിയിലെ പൊലീസ് അതിക്രമത്തിനൊടുവിൽ കാൻസർ രോഗിയായ വീട്ടമ്മ തളർന്നു വീണു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഇവർ ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒടുവിൽ സഹികെട്ട വീട്ടുകാർ മൂന്നാം ദിവസം ദൃശ്യങ്ങൾ പകർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിവരം പുറത്തായത്. കൊല്ലം പരവൂരിലെ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിലെത്തിയാണ് പൊലീസ് ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയും ചെയ്തത്. ഈ സമയം വനിതാ പൊലീസിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നില്ല.
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ സ്ത്രീകളിൽ ഒരാളുടെ കൈക്ക് ഒരു ഉദ്യോഗസ്ഥൻ കടന്നുപിടിക്കുന്നുമുണ്ട്. സന്ധ്യ മയങ്ങിയാൽ, നേരം പുലരും വരെ സ്ത്രീകളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ലെന്ന നിയമമുള്ളപ്പോൾ അറിഞ്ഞുകൊണ്ടായിരുന്നു പൊലീസിന്റെ അഴിഞ്ഞാട്ടം. അടിയന്തര ഘട്ടമാണെങ്കിൽ മജിസ്ട്രേറ്റിന്റെ അനുമതി വേണം.
തിരുവനന്തപുരം പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന കേസിൽ പ്രതിയായ സുഗതകുമാറിന്റെ മകളുടെ വീട്ടിലാണ് അതിക്രമം നടന്നത്. സുഗതകുമാറിന്റെ കാൻസർ രോഗിയായ ഭാര്യക്ക് ചികിത്സ നിഷേധിച്ചെന്ന തർക്കമാണ് കേസിന് അടിസ്ഥാനമായ സംഭവം. സുഗതകുമാറും മകനും എൻജിനിയറിംഗ് കോളജിലെ അദ്ധ്യാപകനുമായ രഞ്ജീഷും ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. ഇതും പരിഗണിക്കാതെയാണ് പ്രതിയെ കിട്ടാൻ പ്രതിയുടെ കുടുംബത്തെ വേട്ടയാടുന്ന പഴയ പൊലീസ് മുറ വീണ്ടും അവർത്തിക്കുന്നത്.