-psc-exam

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചോദ്യപേപ്പർ പുറത്തെത്തിച്ചയാൾ ഉത്തരങ്ങൾ കണ്ടെത്താനും സഹായിച്ചതായി വിവരം. യൂണിവേഴ്സിറ്റി കോളേജിലെ ഹിന്ദി ‌ഡിപ്പാർട്ട്മെന്റിന് സമീപം തമ്പടിച്ച് ഗൂഗിൾ ടോക്ക് വഴിയാണ് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ പ്രണവിന്റെ സഹപാഠിയെന്ന് കരുതുന്ന യുവാവാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. പരീക്ഷാക്രമക്കേടിൽ ഉത്തരം കണ്ടെത്താൻ സഹായിച്ചതിന് അറസ്റ്റിലായ പൊലീസുകാരൻ ഗോകുൽ മാത്രമാണ് ഇയാളെപ്പറ്റി അന്വേഷണസംഘത്തോട് സമ്മതിച്ചത്. മറ്റുള്ളവരാരും ഇയാളെപ്പറ്റി യാതൊന്നും ക്രൈംബ്രാഞ്ചിനോട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചോദ്യപേപ്പർ ചോർത്തി നൽകാനും ഉത്തരം കണ്ടെത്തി എസ്.എം.എസ് ചെയ്യാനും സഹായിച്ച സുഹൃത്തിനെ കേസിൽ കുടുക്കേണ്ടയെന്ന ഉദ്ദേശമാകാം ഇതിന് കാരണമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പരീക്ഷാതട്ടിപ്പിനുപയോഗിച്ച മൊബൈൽഫോണും സ്മാർട്ട് വാച്ചുകളും പ്രതികൾ നശിപ്പിക്കുകയും മണിമലയാറിൽ ഉപേക്ഷിക്കുകയും ചെയ്തതോടെ തെളിവെടുപ്പ് വളരെ സങ്കീർണമായിട്ടുണ്ട്. മുമ്പില്ലാത്തവിധം പരീക്ഷാദിവസം പ്രതികൾ കൈമാറിയ എസ്.എം.എസ് സന്ദേശങ്ങളുടെ എണ്ണം മാത്രമാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിലുള്ള തെളിവ്.

എന്നാൽ പരീക്ഷാചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഇവയെന്ന് തെളിയിക്കണമെങ്കിൽ എസ്.എം.എസുകൾ വീണ്ടെടുക്കേണ്ടതുണ്ട്. ഇതിന് മൊബൈൽ കമ്പനികളെ സമീപിച്ചിട്ടുണ്ടെങ്കിലും ഒരുവർഷം മുമ്പുള്ള ഫോൺ കോളുകളും സന്ദേശങ്ങളും വീണ്ടെടുക്കുന്നതിനുള്ള കാലതാമസം നേരിടുന്നുണ്ട്. സൈബർ സഹായത്തോടെ പരമാവധി തെളിവുകൾ ശേഖരിച്ചാൽ മാത്രമേ കേസിൽ ക്രൈംബ്രാഞ്ചിന് പിടിച്ചുനിൽക്കാൻ കഴിയൂ. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം നുണപരിശോധനയിലൂടെ സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളും അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. കേസിൽ ആദ്യം അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസിമിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അപേക്ഷ അടുത്തയാഴ്ച പരിഗണിക്കും.