തുറിച്ചു നോക്കുന്ന പോലെയുള്ള കണ്ണുകൾ, ചാര നിറമുള്ള ശരീരം, നീണ്ടുതടിച്ച കൊക്കുകൾ, കൂറ്റൻ കാലുകൾ.. ഇതാണ് ഷൂബിൽ. കണ്ടാൽ ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന പക്ഷികളെ പോലെ തോന്നുമെങ്കിലും 19ാം നൂറ്റാണ്ടിലാണ് ഇവയെ കണ്ടെത്തുന്നത്. പക്ഷി ലോകത്തിലെ വിചിത്ര രൂപികളാണ് ഷൂബില്ലുകൾ. കൊറ്റിയുമായി സാമ്യമുള്ള വലിയ പക്ഷികളാണ് ഇവ. ഷൂവിന്റെ ആകൃതിയോടുകൂടിയ വലിയ കൊക്കാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഇളം മഞ്ഞ നിറത്തോടുകൂടിയ കൊക്കുകളിൽ ചാര നിറത്തിലുള്ള ക്രമരഹിതമായ അടയാളങ്ങൾ കാണാം.
കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ചതുപ്പു നിലങ്ങളും നീർത്തടങ്ങളും നിറഞ്ഞ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. നാലര അടിയോളം നീളവും ഏഴു കിലോ ഭാരവുമുള്ള ഭീമൻമാരായ ഷൂബില്ലുകളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ പെലിക്കണുകളും ഹാമർകോപ്പുകളുമാണ്. ഇവയ്‌ക്ക് കാലിൽ താറാവിന്റേതിന് സമാനമായ നാല് വിരലുകൾ ഉണ്ട്. ഇതിൽ നടുവിരലിന് മാത്രം ഏകദേശം 18 സെന്റീമീറ്റർ ഉണ്ടാകും. 230 മുതൽ 260 സെന്റീമീറ്റർ വരെ നീളമുള്ള ചിറകുകളാണ് ഷൂബില്ലുകൾക്ക്. മീനുകൾ മുതൽ ചെറു മുതലകളെ വരെ ഇവർ ആഹാരമാക്കാറുണ്ട്. ഏകദേശം 50 വർഷത്തോളം ആയുസുള്ള ഷൂബില്ലുകൾ ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ്. 5000 മുതൽ 8000 വരെ ഷൂബില്ലുകൾ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത് എന്നാണ് കണക്ക്.