തിരുവനന്തപുരം: ഇനി ഒരുമാസക്കാലം കേരളത്തിൽ ഒരു 'മിനി തിരഞ്ഞെടുപ്പിന്റെ' കാഹളം. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിന് ഒരാഴ്ച മാത്രമേ ഉള്ളൂ എന്നതിനാൽ, അതിനുള്ള സജീവ ചർച്ചകളാണ് എങ്ങും. ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാവും. അതിനിടെ പാലാ ഫലം പുറത്തുവരുമെന്നതിനാൽ അതുകൂടി ഉൾക്കൊണ്ടുള്ള പ്രചാരണ തന്ത്രങ്ങളാവും മുന്നണികൾ സ്വീകരിക്കുക. അതിനാൽ, ഇന്ന് വോട്ടെടുപ്പ് കഴിഞ്ഞാൽ പാലാ ഫലത്തിനായി കണ്ണുംനട്ട് കാത്തിരിക്കും മുന്നണികൾ.
ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ കൂടി ആകുമെന്നതിനാൽ അഞ്ച് മണ്ഡലങ്ങളിലും ഇടതുമുന്നണിയ്ക്ക് പ്രസ്റ്റീജ് മത്സരമാണ്. അഞ്ച് മണ്ഡലങ്ങളിൽ അരൂർ മാത്രമാണ് ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുംജയം ആവർത്തിക്കാനായില്ലെങ്കിൽ യു.ഡി.എഫിന് തിരിച്ചടിയാവും. അത് മുന്നിൽകണ്ടുള്ള പ്രവർത്തനമാവും യു.ഡി.എഫ് നടത്തുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ ഏക മണ്ഡലമാണ് ആലപ്പുഴ. അതിൽ ഉൾപ്പെടുന്നതാണ് അരൂർ. അതിനാൽ അതുകൂടി പിടിച്ച് മധുരപ്രതികാരത്തിനും യു.ഡി.എഫ് ശ്രമിക്കും. എൻ.ഡി.എയ്ക്കും ഇത് പ്രസ്റ്രീജ് മത്സരമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കരുത്തുകാട്ടാനുള്ള അവസരം. നേരിയ വോട്ടുകൾക്ക് കഴിഞ്ഞതവണ കൈവിട്ടുപോയ മഞ്ചേശ്വരം മണ്ഡലത്തിൽ വിജയിക്കാൻ ബി.ജെ.പി മികച്ച പ്രചാരണതന്ത്രം തന്നെ പുറത്തെടുക്കും.
സ്ഥാനാർത്ഥി സാദ്ധ്യത
വട്ടിയൂർക്കാവ്
മുൻ എം.പി പീതാംബരകുറുപ്പിന്റേയും മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാറിന്റെയും പേരുകളാണ് കോൺഗ്രസിൽ നിന്ന് ഏറെയും ചർച്ച ചെയ്യപ്പെടുന്നത്. പദ്മജ വേണുഗോപാലിന്റേയും പ്രയാർ ഗോപാലകൃഷ്ണന്റെയും പേരുകളും ഉയരുന്നുണ്ട്. പി.സി വിഷ്ണുനാഥും തമ്പാനൂർ രവിയും ഉൾപ്പെടെയുളള നേതാക്കളും രംഗത്തുണ്ട്.
സി.പി.എം പരിഗണിക്കുന്ന പേരുകളിൽ പ്രധാനം തിരുവനന്തപുരം നഗരസഭാ മേയർ വി.കെ പ്രശാന്തിന്റേതാണ്. മുൻ എം.എൽ.എ വി.ശിവൻകുട്ടി, ഡി.വെെ.എഫ്.ഐ സെക്രട്ടറി കെ.സുനിൽകുമാർ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.
ബി.ജെ.പിയിൽ നിന്ന് പ്രധാനമായും കുമ്മനം രാജശേഖരന്റെ പേരാണ് ഉയന്നുകേൾക്കുന്നതെങ്കിലും അദ്ദേഹം മത്സരിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മത്സരിക്കാൻ യുവ നേതാവ് വേണമെന്ന രീതിയിലേയ്ക്ക് ചർച്ചകൾ നീങ്ങുകയാണെങ്കിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷിലേക്കോ വി.വി രാജേഷിലേക്കോ കാര്യങ്ങൾ എത്തിയേക്കാം.
2016 ഫലം
കെ.മുരളീധരൻ (കോൺ.): 51,322
കുമ്മനം രാജശേഖരൻ (ബി.ജെ.പി): 43,700
ടി.എൻ.സീമ (സി.പി.എം): 40,441
മുരളീധരന്റെ ഭൂരിപക്ഷം 7,622 വോട്ട്
കോന്നി
മുൻ ഡി.സി.സി പ്രസിഡന്റുമാരായ മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് എന്നിവരാണ് കോൺഗ്രസ് പട്ടികയിലുള്ളത്. എന്നാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. എന്നാൽ, അത് പാർട്ടി ജില്ലാ നേതൃത്വം എതിർക്കുമെന്നാണ് സൂചന.
ജില്ലാ സെക്രട്ടറിയായ ഉദയഭാനുവിനെയാണ് സി.പി.എം പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സനൽകുമാറിന്റെ പേരും പരിഗണനയിലുണ്ട്.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മണ്ഡലമായതിനാൽ ശക്തരായ സ്ഥാനാർത്ഥിയെ ആകും ബി.ജെ.പി രംഗത്തിറക്കുക. കെ.സുരേന്ദ്രൻ അല്ലെങ്കിൽ ശോഭാ സുരേന്ദ്രന്റെ പേരാണ് പ്രധാനമായും ഉയരുന്നത്.
2016 ഫലം
അടൂർപ്രകാശ് (കോൺ.): 72,800
ആർ.സനൽകുമാർ (സി.പി.എം): 52,052
ഡി.അശോക് കുമാർ (ബി.ജെ.പി): 16,713
അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 20,748 വോട്ട്
അരൂർ
ഷാനിമോൾ ഉസ്മാൻ, മുൻ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, അനിൽബോസ്, സി.ആർ ജയപ്രകാശ് എന്നിവരുടെ പേരുകളാണ് കോൺഗ്രസിൽ നിന്നും പ്രധാനമായും ഉയർന്നു കേൾക്കുന്നത്. സാമുദായിക പരിഗണന അരൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകും.
സി.പി.എമ്മിൽ നിന്ന് മുൻജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിന്റെ പേരിനാണ് മുൻതൂക്കം. നിലവിലെ ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പ്രസാദ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന്റെ മണ്ഡലമാണ് അരൂർ. സ്ഥാനാർത്ഥി ചർച്ച വൈകാതെ തുടങ്ങുമെന്നാണ് സൂചന.
2016 ഫലം
എ.എം ആരിഫ് (സി.പി.എം): 84,720
സി.ആർ ജയപ്രകാശ് (കോൺ.): 46,201
അനിയപ്പൻ (ബി.ഡി.ജെ.എസ്) 27,753
എ.എം ആരിഫിന്റെ ഭൂരിപക്ഷം 38,519 വോട്ട്
എറണാകുളം
ലത്തീൻ സമുദായത്തിന് നിർണായക സ്വാധീനമുളള മണ്ഡലം. കെ.വി തോമസ് ഡി.സി.സി പ്രസിഡന്റ് ടി ജെ വിനോദ് എന്നിവർക്കാണ് കോൺഗ്രസിൽ മുൻതൂക്കം. കെ.പി.സി.സി വെെസ് പ്രസിഡന്റ് ലാലി വിൻസെന്റ്, മുൻ മേയർ ടോണി ചമ്മണി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. എം.പി സ്ഥാനമൊഴിഞ്ഞ കെ.വി തോമസിന് പാർട്ടിയിൽ ഇതുവരെയും ഒരു സ്ഥാനവും നൽകിയിട്ടില്ല.
സെബാസ്റ്റ്യൻ പോളിന്റെ പേര് ഇത്തവണയും സി.പി.എമ്മിൽ നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായിരുന്ന എം.അനിൽകുമാറിന്റെ പേരും പരിഗണിക്കാനിടയുണ്ട്. അതേസമയം, പുതുമുഖത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. ചർച്ചകൾ ആ വിധം നീങ്ങിയാൽ ഡി.വെെ.എഫ്.എെ ജില്ലാ സെക്രട്ടറി അരുൺകുമാർ ഉൾപ്പടെയുളളവരുടെ പേരുകൾ ഉയർന്നേക്കാം.
സംസ്ഥാന നേതാവ് മത്സരിക്കണമെന്ന അഭിപ്രായം ബി.ജെ.പിയിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന് സാദ്ധ്യത കൂടുതലാണ്. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഷെെജുവിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്.
2016 ഫലം
ഹെെബി ഈഡൻ (കോൺ.): 57,819
എം.അനിൽകുമാർ (സി.പി.എം): 35,870
എൻ.കെ മോഹൻദാസ് (ബി.ജെ.പി): 14,878
ഹെെബി ഈഡന്റെ ഭൂരിപക്ഷം 21,949 വോട്ട്
മഞ്ചേശ്വരം
യു.ഡി.എഫിൽ മുസ്ലീംലീഗിനാണ് സീറ്റ്. എം.സി കമറുദീൻ, എ.അബ്ദുറഹ്മാൻ, ടി.ടി അഹമ്മദാലി തുടങ്ങിയവരാണ് ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിലുളളത്.
സി.പി.എമ്മിൽ നിന്ന് സി.എച്ച് കുഞ്ഞമ്പു, വി.പി.പി മുസ്തഫ എന്നിവർക്കാണ് മുൻതൂക്കം.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാർ ബി.ജെ.പിയിൽ നിന്ന് സ്ഥാനാർത്ഥിയാകുമെന്നാണ് കേൾക്കുന്നത്. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ പേരും ചർച്ച ചെയ്യപ്പെടുന്നു. അതേസമയം, കഴിഞ്ഞ തവണ നേരിയ വോട്ടിന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ ഇവിടെ ഇക്കുറി മത്സരിക്കില്ലെന്നാണ് വിവരം. അടുത്തിടെ യു.ഡി.എഫ് വിട്ട് ബി.ജെ.പിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു.
2016 ഫലം
പി.ബി. അബ്ദുൾ റസാഖ് (ലീഗ്): 56,870
കെ. സുരേന്ദ്രൻ (ബി.ജെ.പി): 56,781
സി.എച്ച് കുഞ്ഞമ്പു (സി.പി.എം) 42,565
പി.ബി അബ്ദുൾ റസാഖിന്റെ ഭൂരിപക്ഷം 89 വോട്ട്