ഊട്ടി നാരായണ ഗുരുകുലത്തിൽ വച്ച് തമിഴ്സാഹിത്യകാരന്മാരുടെ ഒരു ഒത്തുചേരൽ നടന്നു. ഒരു സെമിനാർ എന്നുതന്നെ അതിനെ വിളിക്കാം. ജയമോഹൻ എന്ന സുപ്രസിദ്ധനായ എഴുത്തുകാരന്റെ നേതൃത്വത്തിലും പൂർണ നിയന്ത്രണത്തിലുമാണത് നടന്നത്. തമിഴ് സാഹിത്യത്തെപ്പറ്റി അവബോധമുണ്ടാക്കുക എന്നതിലുപരി ക്രിയാത്മക രചന നടത്താൻ കഴിവുള്ള പുതിയ എഴുത്തുകാരെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൂടി അതിനുണ്ട്.
മൂന്നുദിവസം നീണ്ടുനിന്ന ഈ സപര്യയിൽ 110 പേർ പങ്കെടുത്തു. അതിൽ അറുപതോളം പേർ കൃതഹസ്തരായ എഴുത്തുകാരാണ്. ബാക്കിയുള്ളവർ എഴുത്തിലേക്കു കാലെടുത്തുവയ്ക്കാൻ ശ്രമിക്കുന്നവരും. ഇതിൽ പങ്കെടുക്കാൻ താത്പര്യപൂർവം അപേക്ഷിച്ച 275 പേരിൽ നിന്നു തിരഞ്ഞെടുത്തവരാണ് ഈ 110 പേർ. ഇതിൽ പങ്കെടുക്കുന്നത് എത്രത്തോളം പ്രയോജനപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന മാനദണ്ഡം വച്ചുകൊണ്ടാണ് ആളുകളെ തിരഞ്ഞെടുത്തത്.
1994-ൽ ആരംഭിച്ചതാണ് ഈ വാർഷിക സംഗമം. ആദ്യകാലങ്ങളിൽ അതിൽ പങ്കെടുക്കാനിടയായിട്ടുള്ള പലരും പ്രസിദ്ധരായ എഴുത്തുകാരായിത്തീർന്നിട്ടുമുണ്ട്.
ചെറുകഥ, നോവൽ, കവിത, കമ്പരാമായണം, തായ്മാനവരുടെയും മറ്റും അതിപ്രാചീനമായ കാവ്യങ്ങൾ ഇവയൊക്കെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനങ്ങളും ചർച്ചകളും വിലയിരുത്തലുകളും അവയിലൊക്കെ ആസ്വാദ്യതയുടെ മർമ്മം കണ്ടെത്തലും മറ്റുമാണ് അവിടെ നടന്നത്.
അവതരിപ്പിക്കാൻ പോകുന്ന പഠനങ്ങളുടെയും പ്രബന്ധങ്ങളുടെയും കോപ്പികൾ എല്ലാവർക്കും മുൻകൂട്ടി അയച്ചിരുന്നു. അതെല്ലാം അവർ മുൻകൂട്ടി വായിച്ചു പഠിച്ചിട്ടുവരണമെന്ന നിഷ്കർഷയുമുണ്ടായിരുന്നു. എന്തിനേറെ, ഇതിൽ പങ്കെടുക്കുന്നവർ ഈ ദിവസങ്ങളിൽ പാലിച്ചിരിക്കേണ്ട നിഷ്ഠകൾ പോലും ഓരോരുത്തരെയും മുൻകൂട്ടി അറിയിച്ചിരുന്നു.
എന്താണ് ഈ സെമിനാർകൊണ്ടു നേടാൻ പോകുന്നത് എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ജയമോഹൻ എല്ലാ വിശദാംശങ്ങൾക്കും രൂപകല്പന നൽകിയത്. അമേരിക്ക, ഇംഗ്ളണ്ട്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുപോലും ഇതു പ്രയോജനപ്പെടുത്താൻ ആളുകൾ എത്തിയിരുന്നു. ചെലവെല്ലാം അവരവർ പങ്കിട്ടെടുത്തു.
മലയാള സാഹിത്യത്തിൽ സർഗാത്മകരചനയും കാവ്യാംശമുള്ള കവിതകളും കുറഞ്ഞു വരുന്ന ഇക്കാലത്ത് മലയാള സാഹിത്യത്തെ സംബന്ധിച്ചും ഇത്തരമൊരു സെമിനാർ എന്തുകൊണ്ടു നടക്കുന്നില്ല, നടത്തിക്കൂടാ? പരിണതപ്രജ്ഞരായ ഒരെഴുത്തുകാരന്റെ നേതൃത്വവും തിരുത്തൽ ശക്തിയും അതിനുവേണ്ടിവരും. അദ്ദേഹത്തിന്റ നേതൃത്വത്തിൽ സ്വയം വളരാനുള്ള സന്മനസു കാണിക്കുന്ന ഇളംതലമുറക്കാരും വേണ്ടിവരും.
മലയാള സാഹിത്യരംഗത്ത് ഇതു സാദ്ധ്യമാണോ? മലയാള സാഹിത്യത്തിന്റെ നല്ല ഭാവി ഇമ്മാതിരി ക്രിയാത്മക സംരംഭങ്ങൾ ആ രംഗത്തു നടക്കുന്നതിനെയും കൂടി ഒരു പരിധിവരെ ആശ്രയിച്ചിരിക്കുമെന്നു പറയാം.