editorial-

രോഗക്കിടക്കയിലായ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം പകരാനുള്ള നാലാംഘട്ട ശ്രമമാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ വെള്ളിയാഴ്‌ച നടത്തിയത്. ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ നല്ലത് എന്തെങ്കിലുമൊന്നു ചെയ്യുകയാണ്. സാമ്പത്തിക മേഖലയെ കുറച്ചെങ്കിലും ഉണർത്താൻ സഹായിക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. നേരത്തെ ധനമന്ത്രിയും റിസർവ് ബാങ്കും പ്രഖ്യാപിച്ച നടപടികൾക്കൊപ്പം പുതിയ ഇളവുകൾ കൂടിയാകുമ്പോൾ സാമ്പത്തിക മുരടിപ്പ് ഒരു പരിധിവരെയെങ്കിലും തരണം ചെയ്യാനാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

വളർച്ചാ നിരക്ക് കുറയാൻ പ്രധാന കാരണം സ്വകാര്യ നിക്ഷേപത്തിലെ വൻ ഇടിവാണെന്ന് വിദഗ്ദ്ധർ നേരത്തെ തന്നെ പറഞ്ഞുവച്ചിരുന്നു. നിക്ഷേപങ്ങൾ കുറയുമ്പോൾ ഫലം ഉത്‌പാദനക്കുറവും അതുവഴി തൊഴിലില്ലായ്‌മയുമാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. ഉയർന്ന നികുതി നിരക്കുകൾ വ്യവസായ മേഖല നേരിടുന്ന വെല്ലുവിളി തന്നെയാണ്. 35 ശതമാനമായിരുന്ന കോർപറേറ്റ് നികുതി മുപ്പത് ശതമാനമായി കുറച്ചിട്ടുപോലും വ്യവസായ വളർച്ച കാര്യമായി ഉണ്ടായില്ല. വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന വേറെയും നിരവധി ഘടകങ്ങൾ നിലനിൽക്കുന്നതാണ് കാരണം. കോർപറേറ്റ് നികുതി മുപ്പതിൽ നിന്ന് 22 ശതമാനമായി കുറയ്‌ക്കാനുള്ള ധനമന്ത്രിയുടെ തീരുമാനത്തിനെതിരെ പാരമ്പര്യവാദികൾ ശബ്‌ദമുയർത്തിയേക്കാമെങ്കിലും ധീരമായ നടപടി തന്നെയാണത്. വളർച്ചയുടെ വിവിധ പടവുകളിൽ നിൽക്കുന്ന സമാന സമ്പദ്‌ വ്യവസ്ഥ പിന്തുടരുന്ന രാജ്യങ്ങൾക്കൊപ്പം നികുതി നിരക്കിൽ തുല്യതയിലെത്താൻ സഹായിക്കുന്നതാണ് ഈ നടപടി. രോഗം മനസിലാക്കിത്തന്നെയുള്ള ചികിത്സയ്‌ക്കാണ് ധനമന്ത്രി ഒരുങ്ങുന്നത്.

ബാങ്ക് വായ്‌പകൾ അത്യുദാരമാക്കിയതും പുതിയ വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതും സ്റ്റാർട്ടപ്പുകളെ നികുതിമുക്തമാക്കിയതും വ്യവസായ രംഗത്ത് ആശാസ്യമായ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്നു വേണം കരുതാൻ.

കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞാൽ തൊഴിലവസരങ്ങൾ ഗണ്യമായി വർദ്ധിക്കും. വളർച്ചാ മുരടിപ്പും അതിന്റെ ഫലമായുണ്ടായ വൻതോതിലുള്ള തൊഴിലില്ലായ്‌മയുമാണ് രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പുതുതായി വ്യവസായങ്ങൾ തുടങ്ങുന്നവരെ ആകർഷിക്കാൻ നികുതി പതിനഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. ഇതുൾപ്പെടെ വ്യവസായ മേഖലയ്‌ക്ക് ഉത്തേജനം പകരുന്ന വേറെയും നിരവധി ഇളവുകളുണ്ട്.

വ്യവസായ മേഖലയ്‌ക്ക് കരുത്തു പകരാനുള്ള തീരുമാനങ്ങൾക്കൊപ്പം ചരക്കുസേവന നികുതികളിലും ചെറിയ തോതിൽ ഇളവുകൾ വരുത്തുന്നത് പല മേഖലകളിലും ഉത്‌പാദന വർദ്ധനവിന് സഹായകമാകും. 1000 രൂപ വരെ പ്രതിദിന വാടകയുള്ള ഹോട്ടലുകൾക്ക് പൂർണമായും ജി.എസ്.ടി ഇളവ് നൽകുന്നത് ഹോട്ടൽ മേഖലയ്‌ക്ക് മാത്രമല്ല സഞ്ചാരികൾക്കും വലിയ ആശ്വാസമാകും. അതുപോലെ 7500 രൂപ വരെ വാടകയുള്ള മുറികളുടെ ജി.എസ്.ടി 28-ൽ നിന്ന് 18 ശതമാനമായി കുറച്ചിട്ടുമുണ്ട്. വിനോദസഞ്ചാര മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന തീരുമാനമാണിത്. ഔട്ട് ഡോർ കാറ്ററിംഗ് സേവനങ്ങൾക്കുള്ള നികുതി 18-ൽ നിന്ന് അഞ്ച് ശതമാനമായാണ് വെട്ടിക്കുറച്ചത്. ഈ മേഖല കൊണ്ട്

ഉപജീവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് വലിയ നേട്ടമാണിത്. ഇവരെ ആശ്രയിക്കേണ്ടി വരുന്നവർക്കും ലാഭം തരുന്ന നടപടിയാണിത്.

മാന്ദ്യം ഏറെ ബാധിച്ചിട്ടുള്ള വാഹന മേഖലയിലെ നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയ്‌ക്കണമെന്ന ആവശ്യം ജി.എസ്.ടി കൗൺസിൽ ഒരിക്കൽക്കൂടി നിരാകരിച്ചിരിക്കുകയാണ്. രൂക്ഷമായ ഉത്‌പാദന മാന്ദ്യം നേരിട്ടു കൊണ്ടിരിക്കുന്ന വാഹന വിപണിയെ കരകയറ്റാൻ അനുകൂല നടപടികൾ കൗൺസിലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ വാഹന വായ്‌പ കൂടുതൽ ഉദാരമാക്കാൻ ബാങ്കുകൾ മുന്നോട്ടു വന്നിട്ടുള്ളതിനാൽ വില്പനയിലെ മാന്ദ്യം ചെറിയ തോതിലെങ്കിലും മറികടക്കാൻ കഴിഞ്ഞേക്കും. വ്യക്തിഗത വായ്‌പകൾക്കായി വാണിജ്യ ബാങ്കുകൾക്ക് 20000 കോടി രൂപയാണ് ഈയിടെ അനുവദിച്ചത്. ഭവന വായ്‌പകളും ഉദാരമായതോടെ റിയൽ എസ്റ്റേറ്റ് മേഖലയും തളർച്ച വിട്ട് ഉണർന്നെഴുന്നേൽക്കുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന നിർമ്മാണ മേഖല പഴയ നിലയിലായാൽ തൊഴിലില്ലായ്‌മയ്‌ക്കും നല്ല തോതിൽ പരിഹാരമാകും.

പുതിയ ഉത്തേജക നടപടികൾ ഓഹരി വിപണിയെ തൽക്ഷണം വാനോളം ഉയർത്തിയത് ശുഭലക്ഷണമായിട്ടാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വെള്ളിയാഴ്ച മാത്രം ഓഹരി സൂചിക 1921 പോയിന്റാണ് ഉയർന്നത്. ഓഹരികളിൽ പണം നിക്ഷേപിച്ചവർക്ക് ഇതുവഴി ഉണ്ടാക്കാനായ നേട്ടം ഏഴുലക്ഷത്തോളം കോടി രൂപയാണത്രെ. വിദേശത്തു നിന്നുൾപ്പെടെ നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ പുതിയ സാമ്പത്തിക നടപടികൾ ഉപകരിക്കേണ്ടതാണ്. പുതിയ തീരുമാനങ്ങൾ ധനക്കമ്മി ഗണ്യമായി ഉയർത്തുമെന്ന ആക്ഷേപം അന്തരീക്ഷത്തിലുണ്ട്. ധനമന്ത്രി ഇതിന് മറുപടി പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ആവശ്യം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതു മാത്രമാണെന്നും അതിലൂടെ ഉണ്ടാകുന്ന അധിക വരുമാനം കൊണ്ട് ധന കമ്മിയെ മറികടക്കാനാകുമെന്ന കണക്കുകൂട്ടലുമാണുള്ളത്. പരീക്ഷണം വിജയിക്കേണ്ടത് രാജ്യത്തിന്റെയും ജനങ്ങളുടെയും ആവശ്യമാണ്. പ്രധാന നാലു മേഖലകൾക്കായി ഇതിനകം പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾ ഫലം ചെയ്യുകയാണെങ്കിൽ ആത്മവിശ്വാസത്തോടെ ധനമന്ത്രിക്ക് അടുത്ത ബഡ്‌ജറ്റിന് രൂപം നൽകാനാകും.