തിരുവനന്തപുരം: രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമായി ബാങ്കുകൾ സംയോജിപ്പിക്കുന്നത്, മനുഷ്യന്റെ കൈയും കാലും മുറിച്ചുമാറ്റി ശരീരബലം കൂട്ടാമെന്നു പറയുന്നത് പോലെയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. എസ്.ബി.ഐ ജീവനക്കാരുടെ സംഘടനയായ എ.ഐ.എസ്.ബി.ഐ.ഇ.എയുടെ ദേശീയ സമ്മേളനം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽ നിന്നു കടം വാങ്ങേണ്ട അവസ്ഥയിലേക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കീഴ്‌മേൽ മറിഞ്ഞത് എങ്ങനെയെന്ന് പറയാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ സമ്പത്തിന്റെ പകുതിയോളം കേവലം ഒരു ശതമാനം വരുന്ന കോടീശ്വരന്മാരുടെ കൈകളിലാണ്. പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ പ്രമുഖർ രാജ്യം വിടുകയോ ഇവിടെ എല്ലാവിധ സൗകര്യങ്ങളോടെ കഴിയുകയോ ആണ് .കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പൊതുജനങ്ങളും ബാങ്ക് ജീവനക്കാരും ഒരുമിച്ച് പോരാടണമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് നരേഷ് ഗൗർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ജെ.പി. ജാവർ, എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, എ.ഐ.എസ്.ബി.ഐ.ഇ.എ ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ എന്നിവരും സംസാരിച്ചു. ടി.എസ്.ബി.ഇ.എ പ്രസിഡന്റ് അനിയൻ മാത്യു സ്വാഗതം പറഞ്ഞു സമ്മേളനം ഇന്ന് സമാപിക്കും.