നേമം: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെയും ബന്ധുക്കളെയും മർദ്ദിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. പള്ളിച്ചൽ ചാനൽക്കര സ്വദേശികളായ സിദ്ദിഖ് (26), അർഷാദ് (23), വിശാഖ് (21) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ചാനൽക്കര സ്വദേശികളായ ലൈല, മകൾ ഹസീന, ഇവരുടെ സഹോദരൻ ബാദുഷ, ലൈലയുടെ മരുമകൻ സുധീർ എന്നിവരെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതികളും പരിക്കേറ്റവരും അയൽവാസികളാണ്. ദിവസങ്ങൾക്ക് മുമ്പ് പള്ളിച്ചൽ ഭാഗത്ത് റോഡിലുണ്ടായ വാഹനത്തിരക്കുമായി ബന്ധപ്പെട്ട് സുധീറും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് സംഘർഷത്തിന്റെ വക്കോളമെത്തിയിരുന്നു. ഇതേതുടർന്നുണ്ടായ വിരോധത്തിൽ ചാനൽക്കര ഭാഗത്തുവച്ച് സിദ്ദിഖും സംഘവും സുധീറിനെ മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഇയാളുടെ ബന്ധുക്കളെയും പ്രതികൾ മർദ്ദിച്ചു. ഇത് തടയുന്നതിനിടെയാണ് ലൈലയ്ക്കും മറ്റുളളവർക്കും മർദ്ദനമേറ്റത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ നേമം എസ്.ഐ സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.