വെള്ളനാട് :വെള്ളനാട് പഞ്ചായത്തിലെ അനധികൃത ഫാമുകളിൽ നിന്ന് പന്നികളെ ഒഴിപ്പിച്ചു. പരാതിയെ തുടർന്ന് പുനലാൽ, കണ്ടമ്മൂല, ഉറിയാക്കോട് എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നാണ് പഞ്ചായത്ത് അധികൃതർ പന്നികളെ ഒഴിപ്പിച്ചത്. ഫാം ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
പുനലാൽ ഡെയിൽവ്യൂ ഹൈസ്കൂളിന് സമീപത്തെ ഫാമിൽ നിന്ന് 19 പന്നികളെ ഒഴിപ്പിച്ചു. പിടികൂടിയവയെ കൂത്താട്ടുകുളത്തെ സർക്കാർ ഫാമിലേക്ക് മാറ്റി. ഈ സമയം സമീപവാസികളും ഫാമിനെതിരെ രംഗത്തെത്തി. ഫാമിൽ നിന്നുള്ള ദുർഗന്ധം കാരണം വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സമീപവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടർന്ന് ചാങ്ങ കുരിശടി കണ്ടമ്മൂല, കടുക്കാമൂട് എന്നിവിടങ്ങളിൽ എത്തിയെങ്കിലും വിവരം മുൻകൂട്ടി അറിഞ്ഞ് ഉടമകൾ പന്നികളെ ഒഴിപ്പിച്ചിരുന്നു.

ഗർഭിണികളായ പന്നികളെയും കുഞ്ഞുങ്ങളെയും ഒഴിപ്പിക്കാൻ നിശ്ചിത സമയവും നൽകി. രണ്ടുമാസം മുൻപ് നോട്ടീസ് നൽകിയിട്ടും ഉടമകൾ പന്നികളെ മാറ്റാത്തതിനാലാണ് പഞ്ചായത്ത് അധികൃതർ നടപടികളുമായി രംഗത്തെത്തിയത്. ഇതിനായുള്ള ചെലവ് ഫാം ഉടമകളിൽ നിന്ന് ഈടാക്കും. പഞ്ചായത്തംഗങ്ങളായ എ.ആർ.ബിജുകുമാർ,സതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.