nh-road

പാറശാല: ദേശീയപാതയിൽ കളിയിക്കാവിള മുതൽ ബാലരാമപുരം വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് പല സ്ഥലത്തും കുഴികളായിട്ട് കാലങ്ങളായി. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ അധികൃതർ നടപടിയുമായി മുന്നോട്ടെത്തി. എന്നാൽ ഇപ്പോൾ ഈ നടപടികളാണ് ജനങ്ങൾക്ക് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടിയാണ് അധികൃതർ സ്വീകരിച്ചതെന്നാണ് പരക്കെ ആക്ഷേപം.

ഏതാനും ദിവസം മുൻപ് റോഡിലെ കുഴികളിൽ ചിലത് അടച്ചിരുന്നു. എന്നാൽ നിലവാരമില്ലാത്ത തട്ടിക്കൂട്ട് കുഴിയടയ്ക്കൽ കാരണം അടുത്ത ദിവസം പെയ്ത മഴയിൽ തന്നെ ടാറ് ഒലിച്ചുപോയി. ഇപ്പോൾ വീണ്ടും രൂപപ്പെട്ട കുഴികളിൽ നിന്നു ചരലുകൾ ഇളകി റോഡിലേക്ക് തെറിച്ച് കൂടുതൽ അപകടാവസ്ഥയിലായി. ഓണത്തിന് മുൻപ് ആരും കാണാതെ രാത്രികാലത്താണ് റോഡിന്റെ കുഴികളടച്ചത്. അതുകൊണ്ടുതന്നെ തട്ടിക്കൂട്ട് ടാറ് ചെയ്യൽ നാട്ടുകാർ കണ്ടില്ല. വേണ്ട തരത്തിൽ നിർദ്ദേശം നൽകാനോ പരിശോധന നടത്താനോ ആരും ഇല്ലാതെ പണിക്കാർ തന്നിഷ്ടം പോലെ ടാറ് ചെയ്തതാണ് വീണ്ടും കുഴികൾ രൂപപ്പെടാൻ കാരണമെന്നും ആക്ഷേപമുണ്ട്.

ഈ വഴി പല സ്ഥലങ്ങളിലും വേണ്ടത്ര തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഇതുവഴി വരുന്ന ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത് പതിവാണ്. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെയുള്ള മദ്യവില്പന തുടരുന്നതിനായി ദേശീയപാത (എൻ.എച്ച്.47) എന്ന പദവി സർക്കാ‌‌ർ ഇല്ലാതാക്കി. ഇതോടെ സ്റ്റേറ്റ് ഹൈവേയായി മാറ്റി. എങ്കിലും നിരവധിപേർ ആശ്രയിക്കുന്ന ഈ റോഡാണ് ഇത്രയും അപകടാവസ്ഥയിൽ തുടരുന്നത്.

നിലവിൽ സ്റ്റേറ്റ് ഹൈവേയാക്കി മാറ്റിയതോടെ കഴക്കൂട്ടം - കാരോട് പാതയാണ് എൻ.എച്ച് 47 ആയി രേഖകളിൽ പറയുന്നത്. എന്നാൽ ഈ പാതയാകട്ടെ ഇതുവരെ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. കോടികൾ ചെലവാക്കി റോഡ് മുഴുവൻ ടാറ് ചെയ്യാതെ അതിൽ കുറഞ്ഞ ചെലവിൽ റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.