പാലാ ഉപതിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിട്ടില്ല. വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുന്നു. 27ന് വോട്ടെണ്ണും. പാലായിലെ ഫലം പുറത്ത് വരുന്നതിന് മുമ്പ് പക്ഷേ കേരളത്തിലെ രാഷ്ട്രീയകക്ഷികളെയാകെ മറ്റ് അഞ്ച് ഉപതിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയസമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ 21ന് മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിജ്ഞാപനം നാളെ എത്തും.
പാലായിലെ പരസ്യപ്രചരണം അവസാനിപ്പിച്ച് വിശ്രമിക്കാനുള്ള നേരം പോലുമില്ലാതെ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഒന്നാകെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയായി കിടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്ക് നീങ്ങേണ്ടി വരികയാണ്. നാളെ വിജ്ഞാപനം വരുന്നതോടെ നാമനിർദ്ദേശ പത്രികാസമർപ്പണം ആരംഭിക്കുകയായി. ഒരാഴ്ചയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും പത്രികകൾ സമർപ്പിക്കാനുമൊക്കെയുള്ള തയാറെടുപ്പിന് കിട്ടുക. അതുകൊണ്ടുതന്നെ മുന്നണികൾ സടകുടഞ്ഞെണീറ്റ് നീക്കങ്ങൾ ഊർജ്ജിതമാക്കുകയായി. ഇന്നലെ വിവിധ മുന്നണികളിലെ നേതാക്കൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരും മുമ്പ് അഞ്ച് ഉപതിരഞ്ഞെടുപ്പുകളുടെ ചൂടിലേക്ക് കേരളം നീങ്ങുന്നത് അപൂർവമാണ്. തിരഞ്ഞെടുപ്പ് ചൂട് കത്തിനിൽക്കുന്നതിനിടയിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ മുന്നണികൾക്ക് നേരിടേണ്ടി വരികയെന്ന അത്യപൂർവമായ രാഷ്ട്രീയപ്രതിഭാസം. പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും അത് അഞ്ച് മണ്ഡലങ്ങളിലും മുന്നണികളുടെ പ്രചാരണങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്. പാലാ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായതും കെ.എം. മാണിക്കനുകൂലമായ സഹതാപതരംഗം നിൽക്കുന്നതുമാണ് യു.ഡി.എഫ് പ്രതീക്ഷകളെ സജീവമാക്കുന്നത്. കേരള കോൺഗ്രസിലെ വിഴുപ്പലക്കലുകൾ സൃഷ്‌ടിച്ച അസ്വസ്ഥത, പഴുതടച്ചുള്ള പ്രചരണതന്ത്രങ്ങൾ എന്നിവയെല്ലാം ഇടത് പ്രതീക്ഷകളെയും ഉണർത്തുന്നുണ്ട്.
2016ൽ കെ.എം. മാണിയുടെ ലീഡ്നില 4707 വോട്ടിന്റേത് മാത്രമായിരുന്നെങ്കിൽ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് മുപ്പത്തിമൂവായിരത്തിന് മുകളിലേക്കെത്തി. അതിൽ നിന്ന് താഴ്‌ത്തിയാലോ അല്ലെങ്കിൽ 2016ലെ നിലയിലേക്കെത്തിച്ചാലോ തന്നെ ഇടതിന് ആശ്വാസമായിരിക്കും. കഴിഞ്ഞ തവണ കൈവരിച്ച നേട്ടം നിലനിറുത്തുകയോ അതിൽ കൂടുതൽ നേട്ടമുണ്ടാക്കുകയോ ചെയ്‌താലും ബി.ജെ.പിക്കും ഉത്തേജനമാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ക്ഷീണം മറികടക്കാനും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിളക്കം തിരിച്ചെത്തിക്കാനും ഇടതുമുന്നണിക്ക് അഞ്ച് മണ്ഡലങ്ങളിലും മികച്ച പോരാട്ടം കൂടിയേ തീരൂ. അഞ്ച് മണ്ഡലങ്ങളിൽ അരൂർ ഒഴിച്ചുള്ള നാലിടവും യു.ഡി.എഫിന്റെ സിറ്റിംഗ് മണ്ഡലങ്ങൾ. 2016ലെ ഇടതു തരംഗത്തിനിടയിലും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നവ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ ആലപ്പുഴയിൽ ഇടതുസ്ഥാനാർത്ഥി ജയിച്ചെങ്കിലും അരൂരിലടക്കം യു.ഡി.എഫാണ് മുന്നിലെത്തിയത്. അതായത്, 2016ൽ നഷ്‌ടമായ അരൂരിലുൾപ്പെടെ അഞ്ചിടത്തും യു.ഡി.എഫ് ലീഡ് നേടി നിൽക്കുന്നു. അതിൽ നിന്ന് പിറകോട്ട് പോകാതെ കാക്കുകയെന്ന വെല്ലുവിളിയാണ് അവർക്ക് മുന്നിൽ. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അരൂരിൽ യു.ഡി.എഫ് ലീഡ് നേടിയതല്ലേയെന്ന മറുചോദ്യം ഇടത് ക്യാമ്പുകളുയർത്തുന്നുണ്ട്. 2014ലേക്കാൾ 19ൽ അവർ താഴോട്ട് പോവുകയാണുണ്ടായതെന്നാണ് വാദം. അരൂർ കൈവിടാതെ നിറുത്തുകയും മറ്റ് നാലിടങ്ങളിൽ മെച്ചമുണ്ടാക്കുകയോ വിജയിക്കുകയോ ചെയ്യുകയുമെന്ന ഭാരിച്ച ദൗത്യം ഇടതുമുന്നണിക്കുണ്ട്. 2016ൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും വീറുറ്റ പോരാട്ടം നടത്തിയ ബി.ജെ.പിയാകട്ടെ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയുടെ ഭാഗമായ കോന്നിയിലും നില മെച്ചപ്പെടുത്തുകയുണ്ടായി. മഞ്ചേശ്വരത്ത് 2016ലെ ബി.ജെ.പിയുടെ പരാജയം വെറും 89 വോട്ടിനാണ്. വട്ടിയൂർക്കാവിലും അവർ രണ്ടാമതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോൾ വട്ടിയൂർക്കാവിൽ നില പിന്നെയും മെച്ചപ്പെടുത്തി. എന്നാൽ മഞ്ചേശ്വരത്ത് പിന്നോട്ടടിച്ചു. മഞ്ചേശ്വരത്തിനും വട്ടിയൂർക്കാവിനും പുറമേ കോന്നിയിലും ശക്തമായ ത്രികോണമത്സരം കാഴ്ചവയ്‌ക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം. എൻ.ഡി.എയിൽ അരൂരൊഴിച്ചുള്ള നാല് മണ്ഡലങ്ങളിലും ബി.ജെ.പി തന്നെയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. അരൂരിൽ ബി.ഡി.ജെ.എസും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് ലാത്തിച്ചാർജ് വിവാദവും മരട് വിഷയവുമെല്ലാം സി.പി.എം- സി.പി.ഐ ബന്ധത്തെ ഉലയ്‌ക്കുന്ന രാഷ്ട്രീയ കാലാവസ്ഥ സൃഷ്‌ടിച്ചിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങളിൽ അസ്വസ്ഥത പരിഹരിച്ച് മുന്നോട്ട് നീങ്ങുകയെന്ന വലിയ വെല്ലുവിളിയും അവിടെ മുന്നണി നേതൃത്വത്തെ കാത്തിരിക്കുന്നു.
പാലായിലെന്ന പോലെ ശബരിമല തൊട്ട് പ്രളയപുനരധിവാസത്തിലെ പരാധീനതകൾ വരെ വിഷയമാക്കി അടിക്കാനാകും യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുക. പ്രളയാനന്തര പുനർനിർമ്മാണത്തിലെ പുരോഗതികൾ, സർക്കാരിന്റെ ഭരണനേട്ടങ്ങൾ എന്നിവയ്ക്കൊപ്പം ഏറ്റവും ഒടുവിലായി യു.ഡി.എഫിനെ മഥിക്കുന്ന പാലാരിവട്ടം പാലം അഴിമതിയും എടുത്തിട്ട് ഇടതുമുന്നണി പ്രചരണത്തെ കൊഴുപ്പിക്കും. കിഫ്ബി ഓഡിറ്റിംഗ് വിവാദമുയർത്തി പ്രതിരോധിക്കാനാവും യു.ഡി.എഫ് ശ്രമം. പാലായിൽ സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് തുടക്കത്തിൽ പറഞ്ഞ മുഖ്യമന്ത്രി അവസാനമെത്തിയപ്പോൾ ആത്മവിശ്വാസം കൂട്ടുന്ന നിലയാണ് കണ്ടത്.
ഇടതുമുന്നണിയിൽ അഞ്ച് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ മത്സരിച്ചത് സി.പി.എം സ്ഥാനാർത്ഥികളാണ്. യു.ഡി.എഫിൽ മഞ്ചേശ്വരത്ത് ലീഗും മറ്റ് നാലിടത്തും കോൺഗ്രസും. സ്ഥാനാർത്ഥിനിർണയ ചർച്ചകൾക്കായി അടുത്ത ദിവസം തന്നെ പാർട്ടിനേതൃത്വങ്ങൾ യോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. ഇടതുമുന്നണി യോഗം 24ന് അടിയന്തരമായി വിളിച്ചുചേർത്തു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സി.പി.എം സംസ്ഥാനകമ്മിറ്റി ചേർന്ന് സ്ഥാനാർത്ഥിനിർണ്ണയം പൂർത്തിയാക്കും. ഒക്ടോബർ 8,9 തീയതികളിലാണ് സംസ്ഥാനകമ്മിറ്റി നേരത്തേ നിശ്ചയിച്ചിട്ടുള്ളതെങ്കിലും പുതിയ സാഹചര്യത്തിൽ ഇത് മാറ്റും.