വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ നിന്ന് ആനപ്പെട്ടിയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. റോഡിന്റെ മിക്ക ഭാഗത്തും മെറ്റലിളകി മൺപാതയായി മാറിയിരിക്കുകയാണ്. ഇക്കാരണത്താൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായി മാറി. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കാൽനടയാത്രക്കാർക്ക് പോലും സഞ്ചാരം എളുപ്പമല്ല. വിതുര, തൊളിക്കോട്, ആനാട്, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ സ്കൂളുകളിലേക്കായി നൂറുകണക്കിന് വിദ്യാത്ഥികൾ കടന്നുപോകുന്ന റോഡ് കൂടിയാണിത്. ഗട്ടറുകളുടെ എണ്ണം പെരുകിയതോടെ റോഡിന്റെ വീതിയും കുറഞ്ഞു. അപകടങ്ങൾ ചൂണ്ടിക്കാട്ടി അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും അനക്കമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി റോഡരികുകൾ വെട്ടിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. കുടിവെള്ളപദ്ധതിക്കായി കുഴിയെടുത്തെങ്കിലും വേണ്ടവിധം മൂടാതെയാണ് കരാറുകാരൻ സ്ഥലം വിട്ടതെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ പ്രശ്നം കരാറുകാരെ അറിയിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തോട്ടുമുക്ക്, പത്തേക്കർ,ആനപ്പെട്ടി നിവാസികൾ പറയുന്നു.
തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയകക്ഷികൾക്ക് മുന്നിൽ റോഡ് ചോദ്യചിഹ്നമാകാറുണ്ട്. വിജയിപ്പിച്ചാൽ റോഡ് നന്നാക്കാമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും കാര്യം സാധിച്ചാൽ തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
ആനപ്പെട്ടി റോഡിന് പുറമേ തോട്ടുമുക്ക് കന്നുകാലിവനം റോഡും തകർന്ന് തരിപ്പണമായി മാറിയിട്ട് മാസങ്ങളേറെയായി. അപകടങ്ങളും നിരന്തരം അരങ്ങേറുന്നുണ്ട്. മഴയായാൽ റോഡ് ചെളിക്കുളമായി മാറും.നാട്ടുകാർ പരാതിനൽകിയതിനെ തുടർന്ന് ഫണ്ട് അനുവദിച്ചെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കന്നുകാലിവനം നിവാസികൾ.