mahasamadhi

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധിദിനം ഇന്നലെ നാടെങ്ങും

ഭക്തിനിർഭരമായി ആചരിച്ചു. ശിവഗിരിയിലും അനുബന്ധ മഠങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും ഗുരുപൂജ, സമൂഹ പ്രാർത്ഥന, ജപയജ്ഞം, സമാധി പൂജ തുടങ്ങിയ ചടങ്ങുകൾ നടന്നു.

ഗുരുദേവൻ മഹാസമാധി കൊള്ളുന്ന ശിവഗിരിയിൽ രാവിലെ മഹാസമാധിയിലെ വിശേഷാൽപൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ശാരദാമഠത്തിലും പർണശാലയിലും വിശേഷാൽ പൂജകളും ഹോമവും നടന്നു. ഗുരുദേവകൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന എന്നിവയ്ക്ക് ശേഷം കല്യാണി ഷൈലേഷിന്റെ വയലിൻകച്ചേരിയും സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണവും ഉണ്ടായിരുന്നു. ഗുരുസ്മരണയുടെ പവിത്രതയിൽ അലിഞ്ഞുചേർന്ന മനസുമായി മഹാഗുരുവിന് പ്രണാമമർപ്പിക്കാൻ ഇന്നലെ അതിരാവിലെ മുതൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയ ജനസഹസ്രങ്ങളെക്കൊണ്ട് ശിവഗിരി നിറഞ്ഞുകവിഞ്ഞിരുന്നു. .

രാവിലെ 10ന് മഹാസമാധിസമ്മേളനം കേന്ദ്രമന്ത്റി ആർ.കെ. സിംഗ് ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. വി. ജോയി എം.എൽ.എ, സ്വാമി സച്ചിദാനന്ദ, സ്വാമി വിഖ്യാതാനന്ദ തുടങ്ങിയവർ സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 2.30ന് ശാരദാമഠത്തിൽ നിന്ന് കലശം എഴുന്നള്ളത്ത് വൈദികമഠം, ബോധാനന്ദസ്വാമി സമാധി വഴി മഹാസമാധിയിലേക്ക് ആരംഭിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിഖ്യാതാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി നിത്യസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലശം എഴുന്നള്ളത്ത്. സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ കലശാഭിഷേകവും മഹാസമാധിപൂജയും തുടർന്ന് സമൂഹപ്രാർത്ഥനയും ആരതിയും നടന്നു. . മഹാസമാധിവളപ്പിൽ തിങ്ങിനിറഞ്ഞ ഭക്തജനസഞ്ചയം ഓം ശ്രീനാരായണ പരമഗുരവേ നമഃ എന്ന മൂലമന്ത്റം ജപിച്ചു. രാവിലെ മുതൽ ഉപവാസയജ്ഞവും നടന്നു. ജയന്തിദിനത്തിൽ വൈദികമഠത്തിൽ ആരംഭിച്ച ജപയജ്ഞം ഗുരുദേവൻ അനന്തരഗാമിയായി അഭിഷേകം ചെയ്ത സ്വാമി ബോധാനന്ദയുടെ 92-ാമത് സമാധിദിനമായ സെപ്തംബർ 25 വരെ തുടരും.