തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഉയർത്തിയ കനത്ത പിഴയിൽ, സംസ്ഥാനത്തിനു നിയമപരമായി കഴിയുന്നതിന്റെ പരമാവധി തുക കുറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പിഴ പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച ഗതാഗത വകുപ്പിന്റെ കരട് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഏതൊക്കെ തരത്തിലുള്ള പിഴയാണ് കുറയ്ക്കാൻ കഴിയുകയെന്ന പുതിയ റിപ്പോർട്ട് നൽകാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയോട് അദ്ദേഹം നിർദ്ദേശിച്ചു.
ഗതാഗത നിയമ ലംഘനങ്ങളെ രണ്ടു വിഭാഗമായി തിരിച്ച് പരാമവധി പിഴ കുറയ്ക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നിയമലംഘനം അതു ചെയ്യുന്ന വ്യക്തിയെ മാത്രം ബാധിക്കുന്നതും, നിരപരാധികളായ മറ്റുള്ളവർ ഇരയാകുന്നതും എന്നിങ്ങനെ വേണം തരംതിരിവ്. നിരപരാധികൾ ഇരയാകുന്ന കുറ്റത്തിന് പിഴ നിരക്കിൽ ചെറിയ കുറവും ആദ്യ വിഭാഗത്തിലുള്ളവർക്ക് പരമാവധി കുറവും. സംസ്ഥാനങ്ങൾക്ക് എത്രത്തോളം പിഴ കുറയ്ക്കാമെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ കൂടി പരിഗണിച്ച് നിയമവകുപ്പിന്റെ സഹായത്തോടെ പുതിയ റിപ്പോർട്ട് ഉടൻ തയ്യാറാക്കാനാണ് നിർദ്ദേശം. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, നിയമ ഗതാഗത വകുപ്പ് സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മിഷണർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിസന്ധിയായി കേന്ദ്രത്തിന്റെ
കരണംമറിച്ചിൽ
പിഴ കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിന് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല. പിഴത്തുക കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതല്ലാതെ വിജ്ഞാപനമൊന്നും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രിമാരുമായി സംസാരിച്ചതുമില്ല. ഇതൊക്കയാണ് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പിഴത്തുക കുറയ്ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനങ്ങളെല്ലാം കേന്ദ്ര തീരുമാനം വരുന്നത് കാക്കുകയാണ്. പിഴ 90 ശതമാനം കുറയ്ക്കുമെന്നു പറഞ്ഞ ഗുജറാത്ത് ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല. കേന്ദ്രം നിശ്ചയിച്ച മിനിമം നിരക്കിനെക്കാൾ കുറഞ്ഞ തുക മറ്റാരും ഈടാക്കുന്നില്ല. പക്ഷേ, മിക്ക സംസ്ഥാനങ്ങളും റോഡ് പരിശോധനയിൽ അയവു വരുത്തിയിട്ടുണ്ട്. കേരളത്തിലും വാഹന പരിശോധന പുനരാരംഭിച്ചെങ്കിലും ഉയർന്ന പിഴ ഈടാക്കേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. കേസുകൾ കോടതിക്ക് കൈമാറുന്നതിനൊപ്പം, ബോധവത്കരണവും നടക്കുന്നുണ്ട്.