crime

ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്രേഷന് നൂറ് മീറ്റർ അകലെ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ബാലരാമപുരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സജീവമാണെന്ന പരാതിയെ തുടർന്ന് എക്സൈസ് ബാലരാമപുരത്ത് പരിശോധന നടത്തി വരുകയായിരുന്നു. വിദേശമദ്യം ചില്ലറ വിൽപ്പന നടത്തുകയും യുവാക്കൾക്ക് കഞ്ചാവ് കൈമാറുന്ന സ്ഥലമെന്ന ഖ്യാതിയുള്ള കൊടിനട കച്ചേരിക്കുളത്തായിരുന്നു പരിശോധന. പഞ്ചായത്ത് വക പാർക്കിംഗ് ഏരിയയ്ക്ക് സമീപം കാട് പിടിച്ച സ്ഥലത്ത് ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത തരത്തിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. നാലും അഞ്ചും അടി പൊക്കത്തിൽ കിളിർത്ത കഞ്ചാവ് ചെടികൾ ആരോ നട്ട് വളർത്തിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൊടിനട കച്ചേരിക്കുളം വഴി ആൾസഞ്ചാരം വളരെ കുറവാണ്. ബാലരാമപുരത്ത് ഗതാഗതപ്രതിസന്ധി നേരിടുമ്പോൾ വിഴിഞ്ഞം റോ‌ഡിലേക്ക് പെട്ടെന്ന് എത്തുന്നതിലേക്കായി ഉപറോഡായി മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ബാലരാമപുരം പഞ്ചായത്ത് പൊലീസ് സ്റ്റേഷനുവേണ്ടി അനുവദിച്ച സ്ഥലത്താണ് കഞ്ചാവ് കൃഷി കണ്ടെത്തിയതെന്നതും കൗതുകകരമാണ്. ബാലരാമപുരം,​ നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ പിടിയിലായവരെക്കുറിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. ആളൊഴി‌ഞ്ഞ സ്ഥലങ്ങളിൽ വിദേശമദ്യം ചില്ലറവിൽപ്പന നടത്തുന്ന സംഘങ്ങൾ കഞ്ചാവ് വിൽപ്പനയും നടത്തുന്നതായി അഭ്യൂഹമുയരുന്നുണ്ട്. നാഗർകോവിലിൽ നിന്നും ട്രെയിൻ മാർഗം ബാലരാമപുരത്ത് കഞ്ചാവ് എത്തുന്നുവെന്ന് ആരോപണമുയർന്നിട്ടും റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ എ.വിജയൻ,​ അസിസ്റ്റന്റ് ഇൻസ്പെക്ടർ വി.അശോക് കുമാർ,​ പ്രിവന്റീവ് ഓഫീസർമാരായ ഷാജികുമാർ,​ അശോക് കുമാർ,​ എസ്.സനൽകുമാർ,​ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,​ വി.വി വിനോദ്,​ രാജേഷ്,​ പി.രാജൻ,​ പ്രശാന്ത് ലാൽ,​ വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുലേഖ,​ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.