pothshaji

വിതുര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൊളിക്കോട് തേവൻപാറ വിളയിൽ വീട്ടിൽ എസ്. ഷാജി (പോത്ത് ഷാജി, 45) വെട്ടേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷാജിയുടെ പിതാവ് സൈനുലാബ്ദ്ദീന്റെ സഹോദരിയുടെ മകൻ തൊളിക്കോട് തുരുത്തി അസീം മൻസിലിൽ എ. സജീദിനെ (36) വിതുര പൊലീസ് അറസ്റ്റ് ചെയ്‌തു.

വെള്ളിയാഴ്‌ച വൈകിട്ട് ഷാജിയും സജീദും തമ്മിൽ വിതുരയിലുള്ള ബാറിൽ വച്ച് വാക്കുതർക്കമുണ്ടായിരുന്നു. തുടന്ന് ഷാജി സജീദിനെ ക്രൂരമായി മർദ്ദിച്ചു. ഇതിനു പിന്നാലെ രാത്രി എട്ടരയോടെ ഷാജിയുടെ വീട്ടിലെത്തിയ സജീദ് വെട്ടുകത്തിക്ക് വെട്ടുകയായിരുന്നു. മുഖത്ത് ആഴത്തിലുള്ള മൂന്ന് വെട്ടേറ്റ ഷാജിയെ ഉടൻ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് മരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് തേവൻപാറ ജുമാമസ്ജിദിൽ കബറടക്കം നടക്കും.

ക്രിമിനൽകേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഷാജി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. രണ്ട് വർഷം മുമ്പ് നെടുമങ്ങാട്ട് വച്ച് മൂന്നംഗസംഘം ഷാജിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ചിരുന്നു. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റതിനെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഷാജിയുടെ പേരിൽ വിതുര, നെടുമങ്ങാട്, പാലോട്, ആര്യനാട് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. വിതുര സി.ഐ എസ്. ശ്രീജിത്തും എസ്.എെ വി. നിജാമും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.