images

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ യൂണിവേഴ്സിറ്റി കോളേജിന് പുറത്തെത്തിച്ച ആളെ കണ്ടെത്താൻ സൈബർ പരിശോധന നടത്തുകയാണ് ക്രൈംബ്രാഞ്ച്. പ്രതികളായ പ്രണവ്, ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ എന്നിവരുടെ ഫോണുകളിലേക്ക് പരീക്ഷാ ദിവസവും അതിനു മുൻപും ശേഷവും വിളിച്ചവരുടെ വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.

കേസിൽ രണ്ടു പ്രതികൾ കൂടി ഉണ്ടാവുമെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. ഇതിൽ ഒരാൾ പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനോ യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരനോ ആകാനിടയുണ്ട്. സൈബർ പരിശോധനയ്ക്ക് ശേഷമേ വ്യക്തതയുണ്ടാവൂ.

പ്രണവാണ് പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രകനാണെന്നാണ് നേരത്തേ അറസ്​റ്റിലായ ശിവരഞ്ജിത്തും നസീമും മൊഴി നൽകിയിരുന്നത്.

പ്രണവിനെ ചോദ്യം ചെയ്തപ്പോൾ നസീം ഏർപ്പാടാക്കിയ ഒരു സുഹൃത്താണ് ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്നാണ് പറഞ്ഞത്. പരീക്ഷ ആരംഭിച്ച ശേഷം യൂണിവേഴ്‌സി​റ്റി കോളേജിൽ നിന്നാണ് ഒരാൾ ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്ന് ഉത്തരങ്ങൾ എസ്.എം.എസായി അയച്ച പൊലീസുകാരൻ ഗോകുലും സഫീറും മൊഴിനൽകിയിട്ടുണ്ട്. ചോദ്യപേപ്പറുമായി വരുന്നയാളിന്റെ പേരോ വിവരങ്ങളോ ചോദിക്കരുതെന്ന് പ്രണവ് നിർദ്ദേശിച്ചിരുന്നു. ഇയാളെ കണ്ടാലറിയുമെന്നാണ് ഗോകുൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് സൈബർ പരിശോധന.

പരീക്ഷാസമയത്തെ വിളികളുടെ ടവർ ലൊക്കേഷനുൾപ്പെടെ നൽകണമെന്ന് സേവനദാതാക്കളോട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആവശ്യപ്പെട്ടു. പ്രതികളുടെ സ്വന്തം നമ്പരുകളിൽ നിന്നാണ് ഉത്തരങ്ങൾ എസ്.എം.എസായി അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തത്. മറ്റൊരു ഫോൺ ഉത്തരങ്ങൾ ഇന്റർനെറ്റിൽ നിന്ന് കണ്ടെത്താനും ഉപയോഗിച്ചു. മൂന്ന് സ്മാർട്ട് വാച്ചുകളും തട്ടിപ്പിന് ഉപയോഗിച്ചിരുന്നതായി പ്രണവ് സമ്മതിച്ചിട്ടുണ്ട്. നസീമിന്റെയും തന്റെയും വാച്ചുകൾ മുണ്ടക്കയത്തിന് സമീപം മണിമലയാ​റ്റിൽ കളഞ്ഞു. മ​റ്റൊരു വാച്ച് മൂന്നാറിൽ നല്ലണ്ണിയിൽ ഉപേക്ഷിച്ചതായി ശിവരഞ്ജിത്തും മൊഴിനൽകി. വാച്ചുകളൊന്നും കണ്ടെത്താനായില്ല.

പരീക്ഷയ്ക്കിടെ പ്രണവിന്റെ ഫോൺ നമ്പരിലേക്ക് 29 എസ്.എം.എസുകൾ എത്തിയത് സ്ഥിരീകരിച്ച് ഫോറൻസിക് ലാബ് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി.

ജയിലിൽ കണ്ടവർ‌

റാങ്ക് ലിസ്റ്റിലില്ല

പ്രതികളെ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠികളും ബന്ധുക്കളും എസ്.എഫ്.ഐക്കാരുമാണ് സന്ദർശകരിലേറെയും. സന്ദർശകരിൽ ആരും കോൺസ്റ്റബിൾ പരീക്ഷയെഴുതിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പ്രതികൾക്ക് നുണ പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അടുത്ത ആഴ്ച കോടതി പരിഗണിക്കും.