ബാലരാമപുരം: വേണ്ട പരിചരണം നൽകാതെ മാതാവിനെ മകൻ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് കൈമാറിയതായി പൊലീസ് പറഞ്ഞു. ശാന്തിപുരം പേരകത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ലളിത​യെ (73) ആണ് മകൻ ജയകുമാർ വീട്ടു തടങ്കലിലാക്കിയത്. വസ്തുവും പണമിടപാടും സംബന്ധിച്ച കുടുംബവഴക്കായതിനാലും കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നടക്കുന്നതിനാലും കസ്റ്റഡിയിലെടുത്ത് വിട്ടയയ്ക്കാൻ എസ്.പി നിർദ്ദേശിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സംഭവം വിവാദമായതോടെ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഭക്ഷണവും വേണ്ട പരിചരണവും കൊടുക്കാതെയുള്ള മകന്റെ രീതികളും മാതാവിനോടുള്ള പൈശാചികമായ പെരുമാറ്റവും സംബന്ധിച്ച് ബാലരാമപുരം സി.ഐ ജി.ബിനു കഴിഞ്ഞ ദിവസം തന്നെ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. വയോജനസംരക്ഷണ നിയമപ്രകാരം കേസും രജിസ്റ്രർ ചെയ്തിട്ടുണ്ട്.

സംസാരിക്കാൻ പോലും കഴിയാതെ ഐ.സി.യു.വിൽ ആയതിനാൽ ആർ.ഡി.ഒ സമക്ഷത്തിൽ മൊഴിരേഖപ്പെടുത്തുന്ന നടപടികൾ വൈകിയേക്കും. പ്രദീപ്കുമാർ ബാലരാമപുരം സി.ഐ ആയിരിക്കെ സ്റ്റേഷനിൽ എഴുതിവച്ച ഉടമ്പടി പ്രകാരമാണ് മറ്റ് മക്കളെ ആഴ്ചയിൽ ഒരു ദിവസം കാണാൻ ജയകുമാർ അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മറ്റ് മക്കളെ വീട്ടിൽ വരാൻ ജയകുമാർ അനുവദിച്ചിരുന്നില്ല. മാതാവിനോടുള്ള ജയകുമാറിന്റെ പൈശാചിക പെരുമാറ്റത്തിൽ അയൽക്കാർക്കും അമ‍ർഷമുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴും നാട്ടുകാർ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അമ്മയെ ഇനി ജയകുമാറിനോടൊപ്പം വിടില്ലെന്ന് മക്കളായ ജയ,​ബാബു തങ്കച്ചി എന്നിവർ പറഞ്ഞു. സാമ്പത്തിക ഭദ്രതയുള്ള ജയകുമാറിന് ആക്കുളത്തും സ്വന്തം പേരിൽ വസ്തുവുണ്ട്. കുടുംബവീടും സ്ഥലവും മാതാവിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. മാതാവിന്റെ പേരിലുള്ള 15 ലക്ഷം രൂപ കൈക്കലാക്കാൻ സാധിക്കാത്തതിലുള്ള വിരോധവും മറ്റ് മക്കളോടുള്ള വൈരാഗ്യവും കൊണ്ടാണ് ജയകുമാർ ഇവരെ വീട്ടിൽ അടുപ്പിക്കാത്തതെന്ന് ബന്ധുക്കൾ പറഞ്ഞു.