evaluation

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ പ്രോ ചാൻസലറായ മന്ത്രി കെ.ടി. ജലീലിന്റെ നിർദ്ദേശപ്രകാരം മൂന്നാം മൂല്യനിർണയം നടത്തി ആറാം സെമസ്റ്ററിൽ പരാജയപ്പെട്ട കൊല്ലം ടി.കെ.എം കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയെ ജയിപ്പിച്ചതായി ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകി. യൂണിവേഴ്സിറ്റി ചട്ടപ്രകാരം മൂന്നാം മൂല്യനിർണയം അനുവദിക്കാനാവില്ല. 23ന് ഗവർണർ തിരിച്ചെത്തിയാലുടൻ സർക്കാരിനോടും സർവകലാശാലയോടും റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് രാജ്ഭവൻ അറിയിച്ചു.

ഡൈനാമിക്സ് ഒഫ് മെഷിനറീസ് എന്ന പേപ്പറിൽ 29 മാർക്ക് കിട്ടിയ വിദ്യാർത്ഥിക്ക് പുനർ മൂല്യനിർണയത്തിൽ 32 മാർക്കായി. തുടർന്ന് വിദ്യാർത്ഥി മൂന്നാം മൂല്യനിർണയത്തിന് അപേക്ഷിച്ചെങ്കിലും ഫെബ്രുവരി 23ന് സർവകലാശാല നിഷേധിച്ചു. ഫെബ്രുവരി 27ന് മന്ത്രി കെ.ടി. ജലീൽ നടത്തിയ അദാലത്തിൽ പരാതി നൽകിയപ്പോഴാണ് ഒരാഴ്ചയ്ക്കകം വിദഗ്ദ്ധ അദ്ധ്യാപകരെ നിയോഗിച്ച് മൂന്നാം മൂല്യനിർണയത്തിന് നിർദ്ദേശിച്ചത്. അദാലത്തിൽ മന്ത്രിയും വൈസ് ചാൻസലറുമടക്കം 13 പേർ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിലെ രണ്ട് അദ്ധ്യാപകരെ മൂന്നാം മൂല്യനിർണയത്തിന് നിയോഗിച്ചു. ഇതിൽ 48 മാർക്ക് നേടി വിദ്യാർത്ഥി വിജയിച്ചു. മെക്കാനിക്കൽ എൻജിനിയറിംഗ് പ്രൊഡക്‌ഷൻ ബ്രാഞ്ചിൽ അഞ്ചാം റാങ്കും ലഭിച്ചു. ബി.ടെക് ഓണേഴ്സ് ബിരുദം നൽകുകയും ചെയ്തു. മൂന്നാം മൂല്യനിർണയത്തിന്റെ മാർക്ക് രേഖപ്പെടുത്താൻ സംവിധാനമില്ലാത്തതിനാൽ സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തേണ്ടിയും വന്നു.

പഠിക്കാൻ മിടുക്കനെന്ന്

സർവകലാശാല

അതേസമയം, വൈസ് ചാൻസലറുടെ അധികാരമുപയോഗിച്ച് വിദ്യാർത്ഥിയുടെ പരാതി പരിഗണിക്കാൻ മാത്രമാണ് മന്ത്രി നിർദ്ദേശിച്ചതെന്ന് സർവകലാശാല അറിയിച്ചു. എൻട്രൻസ് പരീക്ഷയിൽ 5428 റാങ്കോടെ എൻജിനിയറിംഗ് പ്രവേശനം ലഭിച്ച വിദ്യാർത്ഥി അഞ്ചാം സെമസ്റ്റർ വരെ കോളേജിലെ ഒന്നാമനായിരുന്നു. നിർദ്ധന കുടുംബത്തിൽപെട്ട വിദ്യാർത്ഥി സ്കോളർഷിപ്പോടെയാണ് പഠിക്കുന്നത്. ആറാം സെമസ്റ്ററിലെ ഡൈനാമിക്സ് ഒഫ് മെഷിനറീസ് ഒഴികെയുള്ള പേപ്പറുകൾക്കെല്ലാം മികച്ച മാർക്ക് ലഭിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പ് കോളേജിലെ രണ്ട് അദ്ധ്യാപകർ മൂല്യനിർണയം നടത്തിയപ്പോൾ 53, 49 മാർക്ക് വീതം ലഭിച്ചു. നേരത്തേ ഹൈക്കോടതി ഉത്തരവു പ്രകാരം രണ്ട് വിദ്യാർത്ഥികൾക്ക് മൂന്നാം മൂല്യനിർണയം നടത്തിയിട്ടുണ്ട്.

''മൂല്യനിർണയവും പുനർമൂല്യനിർണയവും നടത്തിയ അദ്ധ്യാപകരെ ഡീബാർ ചെയ്യും. അവർക്ക് പിഴയും ചുമത്തും. ചട്ടപ്രകാരമാണ് ഫലം പുനഃപരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.

കെ.ടി. ജലീൽ,

ഉന്നത വിദ്യാഭ്യാസ മന്ത്രി