motor-vehicle-act

തിരുവനന്തപുരം: തൊഴിൽ അന്വേഷിച്ച് യു.എ.ഇയിൽ എത്തുന്നവർക്ക് വേഗത്തിലും എളുപ്പത്തിലും ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താത്തതിന് മോട്ടോർ വാഹന വകുപ്പ് ഉന്നതോദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു. ഗാതാഗത നിയമ ലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് തീരുമാനിക്കാൻ ഇന്നലെ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഉദ്യോഗസ്ഥ അലംഭാവത്തിനെതിരെ മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

2017 സെപ്തംബറിൽ കേരളം സന്ദർശിച്ച ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് യു.എ.ഇയിൽ കേരളീയർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിൽ ഇളവുകൾ നൽകുമെന്ന് അറിയിച്ചത്.

കേരളത്തിൽ ലൈസൻസ് എടുക്കുന്നവർ അതുമായി യു.എ.ഇയിൽ എത്തിയാൽ അവിടത്തെ എല്ലാ ടെസ്റ്റിനും വിധേയരാകേണ്ടതില്ല. ഇടതുവശ ഡ്രൈവിംഗും സ്പീഡ് ഡ്രൈവിംഗും അറിയാമെന്ന് തെളിയിച്ചാൽ മതിയാകും - ഇതായിരുന്നു ഇളവ്.

എന്നാൽ ഈ ഇളവ് നേടണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി കൂടി വേണം. വേണ്ട നടപടികൾ കൈക്കൊള്ളാൻ അന്നു തന്നെ മോട്ടോർ വാഹന വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. എന്നാൽ രണ്ടു വർഷമായിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. എന്തുകൊണ്ട് തുടർ നടപടി സ്വീകരിച്ചില്ലെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ഉടൻ നടപടി സ്വീകരിച്ച് തന്നെ അറിയിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.