തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സമഗ്രവിവരങ്ങൾ ക്യൂ ആർ കോഡ് രൂപത്തിൽ ഇനി പൊതുജനങ്ങൾക്കും ലഭിക്കും.
ഓരോ സ്‌കൂളിന്റെയും സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന സമേതം വെബ്‌സൈറ്റിന്റെ (www.sametham.kite.kerala.gov.in) ലിങ്കാണ് ക്യൂആർകോഡ് രൂപത്തിൽ എല്ലാ സ്‌കൂളിന്റെയും പ്രധാന കവാടത്തോട് ചേർന്ന് സ്ഥാപിക്കുന്നത്. ഈ കോഡ് സ്‌കാൻ ചെയ്ത് സമേതം, സ്‌കൂൾ വിവരസഞ്ചയമായ സ്‌കൂൾവിക്കി (www.schoolwiki.in) ) തുടങ്ങിയ വെബ്‌സൈറ്റുകൾ പരിശോധിക്കാം.
രക്ഷിതാക്കൾക്ക്
പരിശീലനം
വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. രക്ഷിതാക്കളായ വീട്ടമ്മമാർക്ക് 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ വഴി പ്രത്യേകം പരിശീലനം നൽകും. പരിശീലനത്തിന് ആവശ്യം വരുന്ന ആപ്പുകൾ മുൻകൂട്ടി രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കും. രക്ഷിതാക്കൾ സ്മാർട്ട് ഫോണുമായാണ് എത്തിച്ചേരേണ്ടത്.
പരിഷ്‌ക്കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠനരീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠനവിഭവങ്ങൾ ഉപയോഗിക്കുന്ന വിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവ അമ്മമാരെ പരിചയപ്പെടുത്തും. . ഒക്ടോബർ ആദ്യവാരം സ്‌കൂളുകൾ കേന്ദ്രീകരിച്ച് അമ്മമാർക്ക് പരിശീലനം നൽകും.