വിഴിഞ്ഞം: വിഴിഞ്ഞം പുതിയ വാർഫിന് സമീപം മുങ്ങിയ ടഗ്ഗ് ഉയർത്താനുള്ള ശ്രമം മാരത്തൺ ചർച്ചകളിൽ ഒതുങ്ങുന്നതായി ആക്ഷേപം. ഇക്കാരണത്താൽ തീരസംരക്ഷണസേനയുടെ അനിശ്ചിതത്വത്തിലായ ബെർത്ത് നിർമ്മാണം എങ്ങുമെത്തുന്നില്ല. വിഷയത്തിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നെങ്കിലും തീരുമാനമാകുന്നില്ല. വിഴിഞ്ഞത്ത് ചേർന്ന മാസ്റ്റർപ്ലാൻ ചർച്ചയിൽ ഇത് ഉൾപ്പെടുത്തിയിരുന്നെങ്കിലും ബഹളത്തിലും ഇറങ്ങിപ്പോക്കിനുമിടയ്ക്ക് ഈ വിഷയം ചർച്ച ചെയ്യാനായില്ല. അതിനെ തുടർന്നാണ് വീണ്ടും ചർച്ചകൾ നടത്തുന്നത്. ഇതിനിടെ ബെർത്ത് നിർമ്മാണ സ്ഥലത്ത് കിടക്കുന്ന മത്സ്യ ബന്ധന ബോട്ടുകൾ മാറ്റണമെന്ന് അവശ്യപ്പെട്ട് അധികൃതർ നോട്ടീസ് പതിച്ചെങ്കിലും ഇനിയും വള്ളങ്ങൾ മാറ്റാനുണ്ട്. പ്രാദേശിക തർക്കമാണ് ഇതിനു കാരണം. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ ബെർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമാണം തുടങ്ങാനായില്ല. രണ്ടു വർഷം മുൻപ് ഏഴ് കോടി രൂപ ചെലവിൽ ബെർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. അഞ്ച്മാസം മുൻപ് കരാറടിസ്ഥാനത്തിൽ ഖലാസികൾ എത്തി ടഗ്ഗ് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഫലപ്രദമാകാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. ഇതോടെ കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായി.
ബെർത്ത് നിർമ്മിക്കാൻ അനുവദിച്ചത് 7 കോടി
ബെർത്തിന്റെ നീളം 40 മീറ്റർ
പ്രതികരണം
------------------------------------------
ടഗ്ഗ് മറിഞ്ഞു കിടക്കുന്ന ഭാഗം ഒഴികെയുള്ള സ്ഥലത്ത് വൈകാതെ
നിർമ്മാണം തുടങ്ങും
- തീരസംരക്ഷണ സേന അധികൃതർ