തിരുവനന്തപുരം:ഹോട്ടൽ മുറി വാടകയുടെ ജി.എസ്.ടി കുറച്ചത് പുതിയ സീസണിൽ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ടൂറിസം മേഖല. ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ വർഷത്തേത്. സാമ്പത്തിക മാന്ദ്യവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ സീസൺ മോഹങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയ്‌ക്കിടെയാണ് കേന്ദ്രം ജി.എസ്.ടി കുറച്ചത്.

ഒരു രാത്രിക്ക് ആയിരം രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് മുമ്പത്തെപോലെ നികുതി നൽകേണ്ട. 1,000 മുതൽ 7,500 രൂപ വരെ ജി.എസ്.ടി 12 ശതമാനമായി കുറച്ചു. നേരത്തെ 1000 - 2500 രൂപ വിഭാഗത്തിന് 12 ശതമാനവും 2,500 - 7,500 രൂപ വിഭാഗത്തിന് 18 ശതമാനവുമായിരുന്നു ഇത്. 7,500 രൂപയ്ക്കു മുകളിലുള്ള മുറികൾക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായും ജി.എസ്.ടി. കുറച്ചു.

ഹോം സ്റ്റേ മുതൽ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളിലെ താമസ ചെലവിൽ വലിയ കുറവ് ഇതോടെ ഉണ്ടാകും. ഈ ആനൂകുല്യം സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാക്കും. സഞ്ചാരികൾ വർദ്ധിക്കുമ്പോൾ ഹോട്ടൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വരുമാനം വർദ്ധിക്കും.

 ശ്രീലങ്കയിലെ കാലുഷ്യം നേട്ടമായേക്കും

ശ്രീലങ്കയിലെ പള്ളികളിൽ സ്ഫോടനം നടന്നതോടെ ആ നാട് വീണ്ടും സുരക്ഷിതമല്ലാതായി എന്ന സന്ദേശമാണ് വിദേശ സഞ്ചാരികൾക്ക് ലഭിക്കുന്നത്. അതുകൊണ്ടുന്ന തന്നെ യാത്രാസംഘങ്ങൾ ശ്രീലങ്കയ്ക്കു പകരം കേരളം തിരഞ്ഞെടുക്കും. കുറേ വർഷങ്ങളായി കേരളത്തിലേക്കുള്ള സഞ്ചാരികളിൽ ഒരു ഭാഗം ശ്രീലങ്കയിലേക്കാണ് പോയിരുന്നത്.

മുറിവാടകയിലെ നേട്ടം

വാടക 7500 : ഇളവിനു മുമ്പ് നികുതി 1350 - ഇപ്പോൾ 900 - ലാഭം 450

വാടക 10000 : ഇളവിനു മുമ്പ് നികുതി 2800 - ഇപ്പോൾ 1800 - ലാഭം 1000

''ജി.എസ്.ടി കുറച്ചത് അനുഗ്രഹമാണ്. സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷ.''

- ജി. സുധീഷ്‌കുമാർ, രക്ഷാധികാരി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ