മുടപുരം: പ്രകൃതിയുടെ പ്രാധാന്യം വിളിച്ചോതി നാട്ടുകാർക്ക് പേപ്പർ ബാഗും പേപ്പർ പേനയും സൗജന്യമായി വിതരണം ചെയ്ത് മുടപുരം സർക്കാർ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ഓസോൺ ദിനാചരണം ശ്രദ്ധേയമായി. പ്ലാസ്റ്റിക് ഉപേക്ഷിക്കുക, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, പ്ലാസ്റ്റിക് സഞ്ചിക്ക് പകരം പേപ്പർ ബാഗോ തുണി സഞ്ചിയോ ഉപയോഗിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കുട്ടികൾ റാലി നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി സഞ്ചരിച്ച വേളയിൽ ഓട്ടോ ഡ്രൈവർക്കും കച്ചവടക്കാർക്കും മറ്റും വിദ്യാർത്ഥികൾ പേപ്പർ ബാഗും പേപ്പർ പേനയും സൗജന്യമായി വിതരണം ചെയ്ത് ബോധവത്കരണ പ്രവർത്തനം നടത്തി. ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി, എക്കോ ക്ലബ് കൺവീനർ ഹിമ .ആർ.നായർ ,പരിസ്ഥിതി ക്ലബ് കൺവീനർ രാകേന്ദു, സയൻസ് ക്ലബ് കൺവീനർ രോഷിനി, സ്റ്റാഫ് ക്ലബ് സെക്രട്ടറി അൻസി.എൽ, എസ്.എം.സി ഭാരവാഹികളായ ബി.എസ്. സജിതൻ, സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. റാലിക്ക് ശേഷം പോസ്റ്റർ രചന മത്സരം, പ്രശ്നോത്തരി തുടങ്ങിയവ നടന്നു. ഓസോൺ ദിനാചരണത്തിന് മുന്നോടിയായി വിദ്യാർത്ഥികൾ അവരുടെ അയൽ വീടുകൾ സന്ദർശിച്ച് സർവേ നടത്തുകയും ബോധവത്കരണം നടത്തുകയും ചെയ്തു.