കിളിമാനൂർ: "കാവ് തീണ്ടിയാൽ കുളംവറ്റു" മെന്ന മുത്തശ്ശിമാരുടെ പഴമൊഴിയുടെ പൊരുൾ തേടിയിറങ്ങുകയായിരുന്നു കിളിമാനൂർ ഗവ.എൽ.പി.എസിലെ ഹരിത സേന. ഇവരുടെ യാത്രയിലൂടെ കണ്ട വേറിട്ട കാഴ്ചകളും പരിസരപഠനങ്ങളും ഡോക്യൂമെന്ററിയിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. കാവ് തീണ്ടിയാൽ കുളം വറ്റും എന്ന കേവലമൊരു പഴമൊഴിക്കപ്പുറം അതിന്റെ ശാസ്ത്രീയത അവതരിപ്പിക്കുന്നതാണ് ഡോക്യൂമെന്ററിയിലൂടെ ലക്ഷ്യമിടുന്നത്. കിളിമാനൂർ പഞ്ചായത്തിലെ കാവുകളാണ് കുട്ടികൾ പഠനപ്രവർത്തനത്തിനും ഡോക്യൂമെന്ററിക്കുമായി തിരഞ്ഞെടുത്തത്. ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളായ കാവുകൾ, ഔഷധസസ്യങ്ങളുടെ കാലവറകളാണെന്നും സുഖ ശീതളമായ അന്തരീക്ഷവും ഉറവ വറ്റാത്ത ജലാശയങ്ങളും നാടിന് സമ്മാനിക്കുന്നു വെന്നും കുട്ടികൾ ഈ ഡോക്യൂമെന്ററിയിലൂടെ അവതരിപ്പിക്കുന്നു. നിത്യഹരിത വനങ്ങളിലെ വൻമരങ്ങൾ മുതൽ ചെറുമരങ്ങൾ വരെ കാവുകളിൽ കാണാൻ കഴിഞ്ഞെന്നും ചിത്രശലഭങ്ങളടക്കം ചെറുജീവികളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥ കൂടിയാണ് ഓരോ കാവുകളെന്നും കുരുന്നുകൾ ഡോക്യൂമെന്ററിയിൽ അവതരിപ്പിക്കുന്നു. കാവുകൾക്ക് ചുറ്റുപാടുമുള്ള ജലാശയങ്ങൾ ഏതുകൊടും വേനലിനെയും അതിജീവിക്കുന്നുവെന്നും കുട്ടികൾ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു.
അദ്ധ്യാപകൻ അഭിലാഷ്, ബി.ആർ.സി ട്രെയിനർ വൈശാഖ് എന്നിവർ നേതൃത്വം നൽകി. ഡോക്യുമെന്ററിയുടെ ചിത്രീകരണം, സ്ക്രിപ്റ്റ് രചന, സംവിധാനം തുടങ്ങിയവ അദ്ധ്യാപകരുടെയും കിളിമാനൂർ ബി.ആർ.സി കോഓഡിനേറ്റേഴ്‌സിന്റെയും മേൽനോട്ടത്തിൽ കുട്ടികൾ തന്നെയാണ് നിർവഹിക്കുന്നത്. പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി കുട്ടികൾക്ക് നൽകിയ കത്തിലെ സന്ദേശമാണ് ഈ പ്രവർത്തനം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചത്. ഡോക്യുമെന്ററിയുടെ ചിത്രീകരണ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബീനാ വേണുഗോപാൽ നിർവഹിച്ചു. സ്കൂൾ എസ് എംസി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രധാന അദ്ധ്യപിക ശാന്തകുമാരി അമ്മ സ്വാഗതവും വാർഡ് മെമ്പർ ലുബിത, അദ്ധ്യപകർ തുടങ്ങിയവർ ആശംസ അറിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജീവ് നന്ദിയും പറഞ്ഞു.