ramesh-chennithala
ramesh chennithala

തിരുവനന്തപുരം: കിഫ്ബി വഴി വൈദ്യുതിബോർഡ് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ നിർമ്മാണകരാറുകൾ വൻകിട കമ്പനികൾക്ക് നൽകിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾക്ക് ദുരൂഹമായ മറുപടികളും വസ്തുതാപരമല്ലാത്ത വിശദീകരണങ്ങളുമാണ് കെ.എസ്.ഇ ബി നൽകിയത്. ട്രാൻസ്ഗ്രിഡ് പദ്ധതി സംബന്ധിച്ച് കെ.എസ്.ഇ.ബിയിൽ നടക്കുന്ന കാര്യങ്ങൾ ദുരൂഹത നിറഞ്ഞതും ഏതാനും ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞു നടക്കുന്ന കാര്യവുമാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. വസ്തുതകളും രേഖകളും മുൻനിറുത്തി പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ഒഴിഞ്ഞുമാറിയതിൽ കടുത്ത പ്രതിഷേധവും ചെന്നിത്തല രേഖപ്പെടുത്തി. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരെക്കൊണ്ട് അഴകൊഴമ്പൻ മറുപടി പറയിച്ച് തടിതപ്പാൻ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.